പത്തനംതിട്ട: വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ കലഹം രൂക്ഷമാകുന്നു. ജില്ലയിലെ കോൺഗ്രസിനെ രക്ഷിക്കാൻ സർജിക്കൽ സ്ട്രൈക്ക് വേണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റ് ഷംസുദ്ദീൻ.
ആന്‍റോ ആന്‍റണിയുടെ പത്തനംതിട്ടയിലെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിനെതിരെ ഡിസിസി നേതൃത്വം രംഗത്തെത്തിയത് വോട്ടർമാർക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയതായി ഐഎൻടിയുസി ജില്ലാ പ്രസിഡൻറ് ഷംസുദ്ദീൻ പറഞ്ഞു. സിറ്റിങ് എംപിയുടെ പേര് ഒഴിവാക്കി ഡിസിസി സ്ഥാനാർഥികളുടെ പാനൽ തയ്യാറാക്കിയതിലൂടെ ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് വേണ്ടാത്ത സ്ഥാനാർത്ഥിക്ക് വേണ്ടി എന്തിന് പ്രവർത്തിക്കുന്നുവെന്ന ചോദ്യം പ്രവർത്തകരോട് രാഷ്ട്രീയ എതിരാളികൾ ചോദിക്കാൻ അവസരം ഒരുക്കി എന്ന് ഷംസുദ്ദീൻ കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തിൽ ഹിന്ദു വിഭാഗങ്ങൾക്കിടയിൽ ബിജെപിക്ക് അനുകൂലമായ വികാരം ഉണ്ടായപ്പോൾ അതിനെ ചെറുക്കാൻ കോൺഗ്രസ് നേതാക്കൾക്ക് ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞില്ല. പാരമ്പര്യമായി കോൺഗ്രസിനെ പിന്തുണച്ചിരുന്ന പല ഹിന്ദു ഭൂരിപക്ഷ മേഖലകളിലും ഇപ്പോള്‍ കോണ്‍ഗ്രസിനെ കൈവിട്ടുയെന്നും ഷംസുദ്ദീൻ ആരോപിക്കുന്നു. ഈ തെരഞ്ഞെടുപ്പ് കഠിനമാണെന്നും കോൺഗ്രസിന്‍റെ താഴെത്തട്ടിലെ പ്രവർത്തനം മോശമായിരുന്നുയെന്നും ഷംസുദ്ദീൻ പറഞ്ഞു. എല്ലാകാലത്തും യുഡിഎഫിനും കോൺഗ്രസിനും ഒപ്പം നിന്ന മുസ്ലിം സമുദായത്തെ കോണ്‍ഗ്രസ് പാടെ അവഗണിക്കുന്നതായും ഷംസുദ്ദീന്‍ പറഞ്ഞു.