പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിങ്ങിന്‍റെ വീട്ടിലും പറമ്പിലും പൊലീസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. ലൈല ഒഴികെ ഷാഫിയും ഭഗവൽ സിങ്ങും മനുഷ്യ മാംസം ഭക്ഷിച്ചതായി പ്രതികളുടെ മൊഴി. സ്ത്രീകളുടെ ആന്തരിക അവയവങ്ങളും മാറിടവും കുക്കറിൽ വേവിച്ച് ഫ്രിഡ്‌ജിൽ സൂക്ഷിച്ചതായി ലൈലയും വെളിപ്പെടുത്തി.
ശാസ്ത്രീയ പരിശോധനയില്‍ വീട്ടിനുള്ളിലെ ഫ്രിഡ്‌ജില്‍ രക്തക്കറ കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ മാംസം ദീര്‍ഘനാള്‍ ഫ്രിഡ്‌ജിൽ വച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. 10 കിലോയോളം മനുഷ്യ മാംസം ഫ്രിഡ്‌ജിൽ സൂക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. ഇത് പിന്നീട് മറ്റൊരു കുഴിയിൽ മറവു ചെയ്‌തതാണ് വിവരം. ഫ്രിഡ്‌ജില്‍ നിന്ന് ഷാഫിയുടെ വിരലടയാളവും കിട്ടി. ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ കൃത്യം നടന്ന വീട്ടിലും പറമ്പിലും വിശദമായ പരിശോധനയാണ് ശനിയാഴ്ച നടന്നത്. മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയേയും മര്‍ഫിയേയും എത്തിച്ചാണ് പരിശോധന നടത്തിയത്. നായകള്‍ അസ്വാഭാവികമായ രീതിയില്‍ മണം പിടിച്ച് നിന്ന സ്ഥലങ്ങള്‍ പൊലീസ് അടയാളപ്പെടുത്തി വച്ചിട്ടുണ്ട്.
ഈ ഭാഗത്ത് കുഴിക്കാനാണ് നീക്കം. ഈ സ്ഥലങ്ങളില്‍ അസ്വാഭാവികമായ രീതിയില്‍ ചെടികളും നട്ടുവളര്‍ത്തിയിട്ടുണ്ട്. ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ സ്ത്രീയുടെ രൂപമുള്ള ഡമ്മി എത്തിച്ചും പരീക്ഷണം നടത്തിയിരുന്നു. കൊലപാതകം പുനരാവിഷ്‌കരിക്കാൻ വേണ്ടിയാണ് ഡമ്മി പരീക്ഷണം നടത്തുന്നത്. ഭഗവൽ സിങ്ങിന്‍റെ വീടിനോട് ചേർന്നുള്ള തിരുമ്മു ചികിത്സ കേന്ദ്രത്തിലും പൊലീസ് പരിശോധന നടത്തി.
പറമ്പിൽ കൂടുതൽ പരിശോധന: പറമ്പിലെ കാവിന് സമീപം നായകള്‍ അസ്വാഭാവികമായി പ്രതികരിച്ചതിനെ തുടര്‍ന്ന് ഇവിടം കുഴിച്ചു നോക്കാനുള്ള നടപടികളും സ്വീകരിക്കും. മൂന്നു വാഹനങ്ങളിലായിട്ടാണ് മൂന്നു പ്രതികളെ എത്തിച്ചത്. ആദ്യത്തേതില്‍ ഷാഫിയും രണ്ടാം വാഹനത്തില്‍ ലൈലയും മൂന്നാമത്തേതില്‍ ഭഗവല്‍ സിങ്ങുമായിരുന്നു.
നായകള്‍ അസ്വാഭാവികമായി പ്രതികരിച്ച സ്ഥലത്തേക്ക് ഭവഗൽ സിങ്ങിനെ പൊലീസ് കൊണ്ടുവന്നിരുന്നു. അഞ്ചു മിനിട്ടോളം സിങ്ങുമായി പൊലീസ് സംസാരിച്ചു. അതിന് ശേഷം ഇയാളെ വാഹനത്തിലേക്ക് മടക്കി. കാവിന് സമീപം കല്ലുവെട്ടാങ്കുഴി പോലെയുള്ള ഭാഗമാണ് പൊലീസ് സംശയിക്കുന്നത്. ഇവിടെ കുഴിച്ച് നോക്കാനാണ് പൊലീസിന്‍റെ തീരുമാനം.
ഡമ്മി പരിശോധന: പുറത്ത് നായകളെ ഉപയോഗിച്ച് പരിശോധന നടക്കുന്നതിനിടെ സമാന്തരമായി വീടിനുള്ളില്‍ സയന്‍റിഫിക് പരിശോധനയും നടത്തിയിരുന്നു. അതിന് ശേഷമാണ് പ്രതികളെ ഓരോരുത്തരെയായി എത്തിച്ച് ഡമ്മി പരിശോധനയും ചോദ്യം ചെയ്യലും നടന്നത്. ഭഗവല്‍ സിങ്ങിന്‍റെയും ലൈലയുടെയും ചോദ്യം ചെയ്യൽ കഴിഞ്ഞു. മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണ്.
താരമായി മായയും മർഫിയും: 10 മീറ്റര്‍ ആഴത്തില്‍ വരെയുള്ള മനുഷ്യ ശരീരങ്ങള്‍ മണം പിടിച്ച് കണ്ടെത്താന്‍ കഴിയുന്ന നായകളാണ് മായയും മര്‍ഫിയും. പെട്ടിമുടി ദുരന്തത്തില്‍ നിര്‍ണായ പങ്കു വഹിച്ച മായയ്ക്ക് ഇവിടെയും ശരീരാവശിഷ്ടങ്ങളുണ്ടെങ്കില്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പെട്ടിമുടിയില്‍ എട്ട് മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് മായ ആയിരുന്നു.