എറണാകുളം: ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ മൂന്നാം പ്രതി ഇലന്തൂര്‍ കാരംവേലി കടകംപള്ളി വീട്ടില്‍ ലൈലയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ലൈലയ്ക്ക് കൊലപാതകത്തിൽ സജീവ പങ്കാളിത്തവും പ്രതിക്ക് എതിരെ നിരവധി ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്നുമുള്ള സർക്കാർ വാദം കണക്കിലെടുത്താണ് ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹര്‍ജി തള്ളിയത്. അഡ്വ.ബി.എ ആളൂരാണ് പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്നായിരുന്നു ലൈലയുടെ വാദം. നേരത്തെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ലൈലയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതിക്ക് ജാമ്യം നല്‍കരുതെന്നും സമൂഹത്തെ ഞെട്ടിച്ച കൊലപാതകങ്ങളാണ് ഇലന്തൂരിലേതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മാത്രവുമല്ല ലൈലയ്ക്ക് കൊലപാതകത്തില്‍ സജീവ പങ്കാളിത്തമുണ്ടെന്നും പ്രതിക്കെതിരെ നിരവധി ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.
എറണാകുളം കാലടി സ്വദേശിനി റോസ്‌ലിന്‍, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തി വന്ന പദ്‌മ എന്നിവരാണ് കഴിഞ്ഞ വർഷം ജൂണിലും സെപ്‌റ്റംബറിലുമായി കൊല ചെയ്യപ്പെട്ടത്. ഒന്നാം പ്രതിയായ പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി മുഹമ്മദ് ഷാഫിയാണ് ഇവരെ ഇലന്തൂരിലെ ഭഗവൽസിങ്ങിന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
ശേഷം ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളായി മുറിച്ചു മാറ്റി വീടിന്‍റെ പല ഭാഗത്തായി സംസ്‌കരിച്ചെന്നാണു കേസ്. തുടർന്ന് ഒക്ടോബര്‍ 12നാണ് ലൈല ഉൾപ്പെടെയുള്ള മൂന്ന് പ്രതികളും അറസ്റ്റിലായത്. അടുത്ത ദിവസം തന്നെ മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണസംഘം പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ്, മൂന്നാം പ്രതി ലൈല എന്നിവരെ ആദ്യ രണ്ട് ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇലന്തൂരിലെ നരബലി നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. ഡമ്മി പരീക്ഷണം ഉൾപ്പടെ നടത്തിയായിരുന്നു തെളിവെടുപ്പ്. ഫ്രിഡ്‌ജിൽ നിന്നുള്ള രക്തക്കറ ഉൾപ്പടെ നിർണായകമായ നാൽപത്തിലധികം തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
പൈശാചിക കൊലപാതകം: കൊല്ലപ്പെട്ട പത്മയെ സെപ്‌തംബർ 26 മുതൽ കാണാനില്ലായിരുന്നു. അമ്മയെ കാണാനില്ലെന്ന് കാട്ടി പത്മയുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. പദ്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്.
പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂണിലാണ് കാലടി സ്വദേശിനിയായ റോസ്‌ലിയെ കാണാതാകുന്നത്. പദ്മയെ കണ്ടെത്തനുള്ള അന്വേഷണത്തിനിടയിലാണ് ഒടുവില്‍ റോസ്‌ലിനും സമാനമായ രീതിയില്‍ കൊലപ്പെട്ടതാണെന്ന് പൊലീസ് കണ്ടെത്തിയത്.
ഐശ്വര്യവും സമ്പത്തും ലഭിക്കുമെന്ന് ഷാഫി കൂട്ടുപ്രതികളായ ഭഗവൽ സിങ്ങിനെയും, ലൈലയെയും വിശ്വസിപ്പിച്ചായിരുന്നു കൊലപാതകം. കഴുത്തറുത്ത് ക്രൂരമായാണ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. സിനിമ അഭിനയമെന്ന പേരിൽ കട്ടിലിൽ കെട്ടിയിട്ട് അതിക്രൂരമായ കൊലപാതകമാണ് പ്രതികൾ നടത്തിയത്.
നരബലിയും നരഭേജനവും: ലൈലയെ കൊണ്ടായിരുന്നു ഈ കൊലപാതകം ഷാഫി നടത്തിച്ചത്. ഇവരുടെ ശരീരത്തിൽ നിന്ന് ഒഴുകിയ രക്‌തം പൂജയുടെ ഭാഗമാണെന്ന് ധരിപ്പിച്ച് ഷാഫി വീട് മുഴുവൻ തളിപ്പിച്ചു. ഈ കൊലപാതകത്തിൽ പിടിക്കപ്പെടാത്ത സാഹചര്യത്തിലാണ് സെപ്‌റ്റംബർ മാസത്തിൽ രണ്ടാമത്തെ നരബലി പ്രതികൾ നടത്തിയത്.
പൊലീസ് ഇവരുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ റോസ്‌ലിയുടെയും, പത്മയുടെയും മൃതദേഹങ്ങള്‍ പല കഷ്‌ങ്ങളാക്കി കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. രണ്ട് കുഴികളിലായാണ് മൃതദേഹം കണ്ടെടുത്ത്. ഒരു കുഴിയിൽ 56 കഷ്‌ണങ്ങളാക്കി വെട്ടി നുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ഇതിനിടെ പ്രതികൾ മനുഷ്യ മാംസം ഭക്ഷിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും നടത്തിയിരുന്നു.