പത്തനംതിട്ട : ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഫൈന്‍ ഇടുമെന്ന സിഡിഎസ് ചെയര്‍പേഴ്‌സന്‍റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ശബ്‌ദസന്ദേശം വിവാദത്തിൽ. ചിറ്റാര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ കുടുംബശ്രീ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ശബ്‌ദസന്ദേശമാണ് വിവാദത്തിലായത്. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി വ്യാഴാഴ്‌ച വൈകിട്ട് ചിറ്റാറിൽ പി.കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് പിഴ ഈടാക്കുമെന്നാണ് ചിറ്റാര്‍ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മിനി അശോകന്‍റെ ഭീഷണി സ്വരത്തിലുള്ള ശബ്‌ദസന്ദേശം.
'സെമിനാറില്‍ കുടുംബശ്രീ അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കണം. എല്ലാ കുടുംബശ്രീ ഗ്രൂപ്പുകളില്‍ നിന്നും അഞ്ച് പേര്‍ വീതം പങ്കെടുക്കണം. സെറ്റ് സാരിയും മെറൂണ്‍ ബ്ലൗസും ധരിക്കല്‍ നിര്‍ബന്ധമാണ്. ഇത് എല്ലാവരും പാലിക്കണം ഇല്ലെങ്കില്‍ പിഴ ഈടാക്കും' - എന്നായിരുന്നു സന്ദേശം.
ഭീഷണി സന്ദേശത്തിനെതിരെ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി 'ലിംഗപദവിയും ആധുനിക സമൂഹവും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിലാണ് പി.കെ ശ്രീമതി പങ്കെടുക്കുന്നത്.