പത്തനംതിട്ട : നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ 5 പേരെ പന്തളത്ത് നിന്ന് പൊലീസ് പിടികൂടി. പന്തളം മണികണ്‌ഠൻ ആൽത്തറയ്ക്ക് സമീപമുള്ള ലോഡ്‌ജിൽ നിന്ന് ശനിയാഴ്‌ച ഉച്ചയ്ക്കാണ് ലഹരിമരുന്നുമായി പ്രതികളെ അന്വേഷണസംഘം കസ്‌റ്റഡിയിലെടുത്തത്. 15 ലക്ഷം രൂപ വില വരുന്ന 154 ഗ്രാം എം.ഡി.എം.എ പ്രതികളില്‍ നിന്ന് കണ്ടെടുത്തു.
അടൂര്‍ സ്വദേശികളായ രാഹുൽ ആർ (29), ആര്യൻ പി (21), കൊല്ലം സ്വദേശി ഷാഹിന (23), പന്തളം സ്വദേശി വിധു കൃഷ്‌ണന്‍, കൊടുമൺ സ്വദേശി സജിൻ (20) എന്നിവരാണ് അറസ്‌റ്റിലായത്. ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്ന്, ഡാൻസാഫ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.
ജില്ലയിൽ വ്യാപകമായി ഇവരുടെ സംഘം എം ഡി എം എ വിപണനം നടത്തുന്നതായി ജില്ല പൊലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഡാൻസാഫ് ടീമിന്റെ നിരന്തര നിരീക്ഷണത്തിൽ തുടർന്ന പ്രതികളുടെ, സാന്നിധ്യം ഉറപ്പാക്കിയശേഷം ലോഡ്‌ജ് വളഞ്ഞ് പൊലീസ് ഇവരെ കീഴടക്കുകയാണുണ്ടായത്.തുടർന്ന്, അടൂർ തഹസിൽദാർ, എക്സൈസ് സംഘം എന്നിവർ സ്ഥലത്തെത്തി എം.ഡി.എം.എ എന്ന് സ്ഥിരീകരിച്ചു.
പ്രതികളിൽ നിന്നും 9 മൊബൈൽ ഫോണുകളും, ഇവർ ഉപയോഗിച്ചുവന്ന രണ്ട് ആഡംബര കാറുകളും ഒരു ബൈക്കും പെൻ ഡ്രൈവും പൊലീസ് പിടിച്ചെടുക്കുകയും ചെയ്‌തു. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്.