പത്തനംതിട്ട: അടൂരില്‍ പാറ കയറ്റി വന്ന ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. വാഹനത്തിന്‍റെ ഉടമ കൂടിയായ അടൂർ കണ്ണംകോട് സ്വദേശി അനിൽ കുമാറാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ പെരിങ്ങനാട് തെക്കുംമുറി ഭാഗത്തായിരുന്നു അപകടം. തെക്കുംമുറി അങ്കണവാടിയിൽ പാറയുമായി വന്ന ലോറി സൈഡിലേക്ക് മാറ്റിനിര്‍ത്തുന്നതിനിടെ സെപ്‌റ്റിക് ടാങ്കിന് മുകളിൽ കയറുകയും സ്ലാബ് തകർന്ന് ലോറി ഒരു സൈഡിലേക്ക് മറിയുകയുമായിരുന്നു. തുടര്‍ന്ന് ലോറി അങ്കണവാടി കെട്ടിടത്തിൽ ഇടിച്ചു നിന്നു.
അനിൽ കുമാർ കെട്ടിടത്തിനും ലോറിക്കും ഇടയിൽപ്പെടുകയായിരുന്നു. നാട്ടുകാർ അരമണിക്കൂറോളം ശ്രമിച്ചതിന്‍റെ ഫലമായി അനിൽ കുമാറിനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെസിബി ഉപയോഗിച്ചാണ് വാഹനം ഉയർത്തിമാറ്റിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി.