പത്തനംതിട്ട : വെള്ളപ്പൊക്കത്തെ തുടർന്ന് നിരണം ഗ്രാമപഞ്ചായത്തിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. പഞ്ചായത്തിലെ പല പ്രദേശങ്ങളിലെയും കിണറുകളിലെ ജലം കലങ്ങി മറിഞ്ഞതാണ് കുടിവെളള ക്ഷാമം രൂക്ഷമാകാൻ ഇടയാക്കിയിരിക്കുന്നത്. മോട്ടോർ ഉപയോഗിച്ച് പല തവണ കിണറുകൾ വറ്റിച്ചെങ്കിലും കലങ്ങി മറിഞ്ഞ വെളളമാണ് വീണ്ടും കിണറിൽ എത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
കുടിവെള്ള ക്ഷാമം ഇത്രമേൽ രൂക്ഷമായിട്ടും പ്രദേശത്ത് ആഴ്ചകളായി ജലവിതരണ വകുപ്പിന്‍റെ ജല വിതരണം മുടങ്ങിക്കിടക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. കിണറുകൾ മലിനമായതോടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെയാണ് നാട്ടുകാർ പ്രധാനമായും ആശ്രയിക്കുന്നത്. ശുദ്ധ ജലവിതരണം പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കാൻ ജലവിതരണ വകുപ്പ് തയാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.