പത്തനംതിട്ട: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പരമ്പരാഗത പടയണി ഉത്സവങ്ങളെ കോര്‍ത്തിണക്കി ഉത്സവ കലണ്ടര്‍ തയാറായി. ദേശീയ അന്തര്‍ദേശീയ സഞ്ചാരികളേയും പഠിതാക്കളെയും ജില്ലയിലെ പടയണി ഉത്സവ പ്രദേശത്തേക്ക് ആകര്‍ഷിക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിൻ്റെ നേതൃത്വത്തിലാണ് പടയണി കലണ്ടര്‍ തയാറാക്കിയത്. പടയണി ഗ്രാമമായ കടമ്മനിട്ട ഭഗവതി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഡിടിപിസി ചെയര്‍മാനും ജില്ലാ കലക്ടറുമായ പി.ബി നൂഹ് പടയണി കലണ്ടര്‍ പ്രകാശനം ചെയ്തു.
ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ നടക്കുന്ന പടയണികള്‍ കലണ്ടറിലൂടെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും. ഡിസംബര്‍ ഇരുപത്തിയാറിന് തുടങ്ങുന്ന തെള്ളിയൂര്‍കാവ് ഭഗവതി ക്ഷേത്രം മുതല്‍ 2020 ഏപ്രില്‍ ഇരുപതിന് സമാപിക്കുന്ന കുന്നന്താനം മഠത്തില്‍ കാവ് ഭഗവതി ക്ഷേത്രം വരെയുള്ള പടയണി ദിനങ്ങളുടെ വിവരങ്ങളാണ് കലണ്ടറിലുള്ളത്.
ഡിടിപിസി സെക്രട്ടറി ആര്‍. ശ്രീരാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാരങ്ങാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അമ്പിളി ഹരിദാസ്, ക്ഷേത്രം പ്രസിഡൻ്റ് അഡ്വ. ഹരിദാസ് കടമ്മനിട്ട, സെക്രട്ടറി ഡി.രവികുമാര്‍, പടയണി ഗ്രാമം രക്ഷാധികാരി വി.കെ പുരുഷോത്തമന്‍ പിള്ള, ഗോത്രകലാ കളരി സെക്രട്ടറി പി.ടി പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.