ശബരിമല: മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുന്നു. കഴിഞ്ഞ ദിവസം അയ്യപ്പൻമാരുടെ നിര ശരംകുത്തി വരെ നീണ്ടു.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തുന്നത്. ഞായറാഴ്‌ചയായതിനാൽ ശബരിമലയിൽ എത്തുന്ന മലയാളികളുടെ എണ്ണത്തിലും വർധനവുണ്ട്. നെയ്യഭിഷേകത്തിനും വലിയ തിരക്കാണനുഭവപ്പെടുന്നത്. മകരവിളക്കിനോട് അനുബന്ധിച്ച് ഉണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദര്‍ശനം നടത്തിയതിന് ശേഷം വളരെ വേഗം പമ്പയിലേക്ക് മടങ്ങണമെന്ന് ഉച്ചഭാഷിണിയിലൂടെ വിവിധ ഭാഷകളില്‍ അയ്യപ്പൻമാരെ അറിയിക്കുന്നുണ്ട്.
ശനിയാഴ്‌ച ഏഴ് മണിവരെ 58,578 പേര്‍ മലചിവിട്ടിയതായാണ് കണക്ക്. പമ്പ വഴി ശബരിമലയിലെത്തിയവരുടെ കണക്കാണിത്. ഏഴ് മണിക്ക് ശേഷവും ഭക്തരുടെ ഒഴുക്ക് തുടർന്നിരുന്നു. പുലർച്ചെ നിർമ്മാല്യ ദർശനത്തിനുൾപ്പടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.