പത്തനംതിട്ട: ജില്ലയിൽ 45 വയസിന് മുകളിലുള്ളവരുടെ കൊവിഡ് വാക്‌സിനേഷൻ നാളെ പുനരാംരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള സമയ പരിധി 84 ദിവസമാണ്. അതിനാൽ ആദ്യ ഡോസ് വാക്‌സിൻ വിതരണം ആരംഭിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ആകെ 20000 ഡോസ് വാക്‌സിനാണ് ജില്ലയിൽ വിതരണത്തിനായി എത്തിച്ചിരിക്കുന്നത്. അതിൽ 11,000 ഡോസ് കോവിഷീല്‍ഡും ബാക്കി കൊവാക്‌സിനുമാണ്. കോവിഷീല്‍ഡ് വാക്‌സിന് ഓണ്‍ലൈൻ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. ആശാപ്രവര്‍ത്തകര്‍ മുന്‍കൂട്ടി അറിയിക്കുന്നതിന് അനുസരിച്ച് ടോക്കണ്‍ എടുത്ത് വാക്‌സിൻ സ്വീകരിക്കാം. ഒരു ദിവസം 100 പേര്‍ക്ക് വീതമാണ് വാക്‌സിൻ കുത്തിവെയ്‌പ്പ് നൽകുക.
Also Read:മഴക്കെടുതി: പത്തനംതിട്ട ജില്ലയില്‍ കണ്‍ട്രോള്‍ റൂമും എൻഡിആർഎഫ് ക്യാമ്പും തുറന്നു
ജില്ലയിൽ ലഭ്യമായ 9000 ഡോസ് കൊവാക്‌സിൻ ഡോസുകളിൽ 80 ശതമാനം ഓണ്‍ലൈൻ രജിസ്ട്രേഷൻ വഴിയാണ് വിതരണം ചെയ്യുക. ബാക്കി സ്പോട്ട് രജിസ്ട്രേഷനിലൂടെ നൽകും. കൊവാക്‌സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്ട്രേഷൻ ഇന്ന് വൈകിട്ട് ആരംഭിച്ചു. ഒരു ദിവസം 250 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. അതേസമയം 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷനായുള്ള രജിസ്ട്രേഷൻ സംസ്ഥാനത്ത് നാളെ ആരംഭിക്കും.