പത്തനംതിട്ട: തെരഞ്ഞെടുപ്പ് ദിനത്തിൽ കൊവിഡ് പ്രതിരോധം ശക്തമാക്കാനൊരുങ്ങി പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം. ഇതിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നോഡല്‍ ഓഫീസര്‍മാരടങ്ങിയ ഹെല്‍ത്ത് കോര്‍ഡിനേഷന്‍ ടീമിനെ നിയമിച്ചു. ജില്ലാതല നോഡല്‍ ഓഫീസറായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷനെ ജില്ലാ കലക്‌ടർ നിയമിച്ചു. പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാരെ തെർമല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീര ഊഷ്‌മാവ് പരിശോധനക്ക് വിധേയമാക്കും. തെർമല്‍ സ്‌കാനര്‍ ഉപയോഗിക്കുന്നതിനും സാനിറ്റൈസര്‍ വിതരണത്തിനുമായി ഒരു പോളിങ് ബൂത്തിലേക്ക് രണ്ടുപേരെ വീതം നിയോഗിച്ചിട്ടുണ്ട്.
ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ഓഫീസ് അസിസ്റ്റന്‍റുമാർ തുടങ്ങിയവര്‍ക്കാണ് ഇതിന്‍റെ ചുമതല. വോട്ടർമാർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തില്‍ പ്രവേശിക്കുന്നതിനുള്ള സഹായം ചെയ്യുക, മാസ്‌ക് ധരിക്കാതെ വരുന്നവര്‍ക്ക് ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന മാസ്‌ക് നല്‍കുക തുടങ്ങിയ കാര്യങ്ങൾ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. മാര്‍ച്ച് 30ന് രാവിലെ പത്ത് മുതല്‍ നാല് സെക്ഷനുകളിലായി അതത് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നടക്കും.