പത്തനംതിട്ട: കൊവിഡ് രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾ പൊതുസ്ഥലങ്ങളിൽ മാസ്ക്ക് ശരിയായ രീതിയിൽ ധരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. എൽ. ഷീജ അറിയിച്ചു. മൂക്ക്, വായ എന്നിവയിലൂടെ രോഗാണുക്കൾ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നതിനും വ്യാപിക്കുന്നതിനും സാധ്യതയുണ്ട്.
മൂക്കും വായും പൂർണമായും മൂടുന്ന വിധത്തിൽ മാസ്ക് ധരിക്കണം. ധരിച്ചിരിക്കുന്ന മാസ്കിന്‍റെ മുകൾ ഭാഗത്ത് പിടിക്കുകയോ, താടിയിലേക്കു താഴ്ത്തിവയ്ക്കുകയോ ചെയ്യാൻ പാടില്ല. ഡിസ്പോസിബിൾ മാസ്കുകൾ പൊതു സ്ഥലങ്ങളിൽ ഉപേക്ഷിക്കരുതെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. തുണി മാസ്കുകൾ ഉപയോഗിച്ചതിനു ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകിയതിനു ശേഷം വെയിലത്ത് ഉണക്കി വീണ്ടും ഉപയോഗിക്കാം. വെയിലിന്‍റെ അഭാവത്തിൽ ഇസ്തിരിയിട്ട് ഉണക്കി ഉപയോഗിക്കണം. മാസ്ക് ധരിക്കുന്നതിന് മുമ്പും മാറ്റിയതിനു ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് അണുവിമുക്തമാക്കണം. മാസ്ക് ധരിക്കുന്നത് കൂടാതെ പൊതുസ്ഥലങ്ങളിൽ പരസ്പരം ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.