പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഉൾപ്പെടെ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കൽ ഓഫീസറുടെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജില്ലയിൽ 177 കൊവിഡ് രോഗികളുണ്ട്. 164 പേർ ജില്ലയിലും 12 പേർ ജില്ലയ്ക്കു പുറത്തും ചികിത്സയിലാണ്. ജില്ലയിലാകെ 192 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. അതേസമയം ജില്ലയിൽ ഇന്ന് അഞ്ചുപേർ രോഗമുക്തരായി.
ജൂലൈ ആറിന് കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച സ്ഥലങ്ങളിലും പൊതുയിടങ്ങളിലും ഫയർഫോഴ്സിന്‍റെ നേത്യത്വത്തിൽ അണുനശീകരണം നടത്തി. തിരുവല്ല നഗരസഭയിലെ 28, 33 വാർഡുകളും പത്തനംതിട്ട നഗരസഭയിലെ 13, 21, 22, 23 എന്നീ വാർഡുകളും കണ്ടെയ്ൻമെന്‍റ് സോണാക്കി. ജില്ലയിലെ പ്രധാന റോഡുകളെല്ലാം പോലീസിന്‍റെ കർശന നിരീക്ഷണത്തിലാണ്. വൈകുന്നേരത്തോടെ റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് പരിശോധന ആരംഭിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2835 പേരും വിദേശത്ത് നിന്ന് തിരിച്ചെത്തിയ 2581 പേരും നിലവിൽ നിരീക്ഷണത്തിലാണ്.