പത്തനംതിട്ട: കൊവിഡ് 19-നുമായി ബന്ധപ്പെട്ട് ജില്ലയിൽ നിന്ന് മൂന്ന് ദിവസങ്ങളായി ലഭിക്കുന്നത് നെഗറ്റീവ് ഫലമാണെന്നും ഞായറാഴ്‌ച ലഭിച്ച അഞ്ച് റിസൾട്ട് നെഗറ്റീവാണെന്നും ജില്ലാ കലക്ടർ പി ബി നൂഹ്. ജനറൽ ആശുപത്രിയിൽ 22-ഉം, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആറുപേരും സ്വകാര്യ ആശുപത്രിയിൽ ഒരാളുമാണ് ഐസോലേഷനിലുള്ളത്. പുതിയതായി നാലുപേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇതുവരെ 22 പേരെ ഡിസ്ചാർജ് ചെയ്തെന്നും കലക്‌ടർ പറഞ്ഞു. വീടുകളിലായി 1250 പേർ നിരീക്ഷണത്തിലാണ്. ഞായറാഴ്‌ച പത്ത് സാമ്പിളുകൾ ഉൾപ്പെടെ 94 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഞായറാഴ്‌ച വരെ അയച്ച സാമ്പിളുകളിൽ ഒൻപത് എണ്ണം പോസിറ്റീവായപ്പോൾ 40 എണ്ണം നെഗറ്റീവ് റിപ്പോർട്ടാണ്. മറ്റു രാജ്യങ്ങളിൽ നിന്നും എത്തിയവരിൽ 726 പേർ ഐസലേഷൻ വാർഡിലാണ്. അന്യസംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും നിന്നും എത്തുന്നവരുടെ സ്ക്രീനിങ് തിരുവല്ല റെയിൽവെ സ്റ്റേഷനിലും മല്ലപ്പള്ളി റാന്നി പത്തനംതിട്ട അടൂർ തിരുവല്ല എന്നീ ബസ് സ്റ്റേഷനുകളിലും ആരംഭിച്ചു. ശബരിമല മാസ പൂജയുമായി ബന്ധപ്പെട്ട പമ്പയിൽ എത്തിയ 4066 ആറ് അയ്യപ്പ ഭക്തന്മാരെ സ്ക്രീനിങ്ങിന് വിധേയമാക്കി.