പത്തനംതിട്ട: കൊവിഡ് 19 ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ കുരിശുമല തീര്‍ഥാടന പരിപാടികള്‍ ഒഴിവാക്കുകയാണെ് രൂപതാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്ത അറിയിച്ചു. മാര്‍ച്ച് 31 വരെ കുര്‍ബാനകളിലും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കുര്‍ബാനകളുടെ എണ്ണം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവരും ചെറിയ കുട്ടികളും ശാരീരികാസ്വാസ്ഥ്യമുളളവരും കുര്‍ബാനയില്‍ പങ്കെടുക്കേണ്ടതില്ല. മറ്റുള്ളവർ പല സമയങ്ങളിലായി ക്രമീകരിക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ശ്രമിക്കണം. സൺഡേ സ്‌കൂള്‍ ക്ലാസുകള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവയ്ക്കുമെന്നും സൺഡേ സ്‌കൂള്‍ പരീക്ഷയും മാറ്റിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്താനിരുന്ന കാത്തലിക് കൺവന്‍ഷന്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ നേരത്തേ മാറ്റിവച്ചിരുന്നു. വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും രൂപതാധ്യക്ഷന്‍ അറയിച്ചു. പത്തനംതിട്ട ബിഷപ് ഹൗസിലെ ചാപ്പലിൽ ആരംഭിച്ച ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ദിവ്യകാരുണ്യ ആരാധന പെസഹാ വ്യാഴം വരെ തുടരും.