പത്തനംതിട്ട : കൊവിഡ് 19ന്‍റെ പശ്ചത്തലത്തിൽ നിർമാണം നിർത്തി വെച്ചിരുന്ന പുനലൂർ മൂവാറ്റുപുഴ മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 800 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് രാജു എബ്രഹാം എംഎൽഎ പറഞ്ഞു.
ആദ്യഘട്ടം എന്ന നിലക്ക് റോഡിലെ വലിയ വളവുകൾ നിവർത്തുന്ന ജോലികളാണ് നടക്കുന്നത്. റാന്നി - മണ്ണാറകുളഞ്ഞി റോഡിൽ മന്ദിരംപ്പടി ,വാളിപ്ലാക്കൽപ്പടി ,കല്ലുങ്കൽപ്പടി എന്നിവിടങ്ങളിലാണ് ആദ്യം റോഡിലെ വളവുകൾ നിവർത്തുക. അതിനൊടൊപ്പം റോഡിന്‍റെ വീതികൂട്ടുന്ന ജോലിയും നടക്കുന്നുണ്ട്. കാലവർഷത്തിന് മുൻപ് റോഡ് വളവുകൾ നിവർത്തുന്നതിനാണ് അതിവേഗം നിർമ്മാണങ്ങൾ നടക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള ഭാഗമാണ് ഇ.കെ.കെ കമ്പനി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കോന്നി മുതൽ പുനലൂർ വരെയുള്ള ഭാഗം ആർഡിഎക്സ് കമ്പനിയുമാണ് ടെന്‍ഡർ എടുത്തിട്ടുള്ളത്. ഇതിൽ പ്ലാച്ചേരി മുതലുള്ള വനമേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. മഴക്കാലം കഴിയുന്നതോടൊപ്പം തന്നെ ഓടകൾ, വശങ്ങൾ കെട്ടുന്നത് ,വളവ് നിവർത്തുന്നത് എന്നിവ പൂർത്തികരിക്കാൻ കഴിയുമെന്നും രാജു എബ്രഹാം പറഞ്ഞു.