പത്തനംതിട്ട : കേരള കോണ്‍ഗ്രസ് (ബി) യുടെ പേരിൽ ഉഷ മോഹന്‍ദാസ് രംഗത്ത് വന്നിരിക്കുന്നത് പാര്‍ട്ടിക്ക് തിരുവനന്തപുരത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫിസ് കൈയടക്കാന്‍ വേണ്ടിയാണെന്ന് പാര്‍ട്ടി പത്തനംതിട്ട ജില്ല പ്രസിഡന്‍റ് പി.കെ.ജേക്കബ്. പാര്‍ട്ടി സ്ഥാപകനായിരുന്ന ആര്‍. ബാലകൃഷ്‌ണപിളള മരിക്കുന്നതിന് മുന്‍പ് തയാറാക്കിയ വില്‍പത്രത്തില്‍ തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫിസ് പാര്‍ട്ടിയുടെ ചെയര്‍മാനായി വരുന്നത് ആരോ, അവര്‍ക്കായിരിക്കുമെന്ന് എഴുതിവച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഉഷ മോഹന്‍ദാസ് പാര്‍ട്ടി ചെയര്‍പേഴ്‌സന്‍റെ വേഷം കെട്ടി വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പത്തനംതിട്ട ജില്ല കമ്മറ്റി കെ.ബി. ഗണേഷ് കുമാറിനൊപ്പമാണെന്നും ഒറ്റയാള്‍ പോലും പാര്‍ട്ടി വിട്ടുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മൂന്നുപേരും നിലവില്‍ പാര്‍ട്ടി അംഗത്വമില്ലാത്ത രണ്ടുപേരും ജീവിതത്തില്‍ ഇന്നേ വരെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയോ പാര്‍ട്ടി അംഗത്വം എടുക്കുകയോ ചെയ്യാത്ത ഒരാളെ ചെയര്‍പേഴ്‌സണാക്കി ഭൂരിപക്ഷം പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമാണെന്ന് അവകാശപ്പെടുന്നതിന് മറുപടി പറയേണ്ട ബാധ്യത കേരള കോണ്‍ഗ്രസ് (ബി)യ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: Omicron India : രണ്ട് മാസത്തിനുള്ളിൽ 10 ലക്ഷത്തോളം കേസുകൾ ഉണ്ടായേക്കാമെന്ന് ഡോ ടി എസ് അനീഷ്
കേരള കോണ്‍ഗ്രസ് (ബി) ഇടതുമുന്നണിയിലെ ഉത്തരവാദിത്തപ്പെട്ട ഘടക കക്ഷിയാണ്. ഉഷ മോഹന്‍ദാസിന് ഇന്നേവരെ പാര്‍ട്ടി അംഗത്വമില്ല. ഒരു ഘടകത്തിലും പ്രവര്‍ത്തിച്ചിട്ടുമില്ല. പിന്നെങ്ങനെയാണ് കേരള കോണ്‍ഗ്രസ് (ബി) എന്ന് പറഞ്ഞ് രംഗത്തുവരാന്‍ കഴിയുന്നതെന്നും ജേക്കബ് ചോദിച്ചു.
ഒരു പ്രവര്‍ത്തകന്‍ പോലും പത്തനംതിട്ടയില്‍ പാര്‍ട്ടി വിട്ടുപോയിട്ടില്ലെന്ന് നിയോജക മണ്ഡലം പ്രസിഡന്‍റുമാരായ സാം ജോയിക്കുട്ടി(ആറന്മുള), മാത്യു ദാനിയല്‍ (റാന്നി) എന്നിവരും പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഗണേഷിനോ മുന്‍പ് ആര്‍. ബാലകൃഷ്‌ണപിള്ളയ്‌ക്കോ വേണ്ടി ഒരു തവണ പോലും പ്രചാരണ രംഗത്ത് ഇറങ്ങാത്തയാളാണ് ഉഷ മോഹന്‍ദാസ്. ബാലകൃഷ്‌ണപിളളയുടെ വില്‍പത്രം കണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് പിടിച്ചെടുക്കാനുള്ള സൂത്രവിദ്യകളാണ് ഉഷയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.