പത്തനംതിട്ട: റാന്നിയിൽ തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പന്ത്രണ്ടു വയസുകാരി അഭിരാമിയ്‌ക്ക് പേ വിഷബാധ ഏറ്റതായി സ്ഥിരീകരണം. പൂനെയിലെ ലാബിൽ നടന്ന പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പെൺകുട്ടി മരിച്ച സംഭവത്തില്‍ ചികിത്സ പിഴവുണ്ടായെന്ന് കുടുംബം ആരോപിച്ചു.
തെരുവ് നായ കടിച്ചതിന് പിന്നാലെ അഭിരാമിയ്‌ക്ക് പ്രാഥമിക ചികിത്സ കൃത്യമായി ലഭിച്ചില്ല. ഇന്ന് രാവിലെ കുട്ടിയ്‌ക്ക് കടുത്ത പനിയുണ്ടായിരുന്നു. ഇക്കാര്യം അറിയിച്ചിട്ടും ഡോക്‌ടര്‍മാര്‍ കാര്യമായി പരിഗണിച്ചില്ലെന്നും കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയെ തെരുവ് നായ കടിച്ച് റാന്നി പെരിനാട് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മതിയായ പ്രാഥമിക ചികിത്സ നല്‍കിയില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. പരിമിതികളുണ്ടെന്നാണ് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതെന്നും ഇവര്‍ പ്രതികരിച്ചു. അതേസമയം ചികിത്സ പിഴവുണ്ടായിട്ടുണ്ടെങ്കില്‍ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
കുട്ടിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. സാധ്യമായ എല്ലാ ചികിത്സയും നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്തെങ്കിലും വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി തൃശ്ശൂരില്‍ പ്രതികരിച്ചു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്‍റെ മകള്‍ അഭിരാമിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്.
ഓഗസ്റ്റ് 14നാണ് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റത്. പാല്‍ വാങ്ങാന്‍ പോകുമ്പോൾ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിങ് കോളജ് റോഡില്‍ വച്ചാണ് കുട്ടിയെ തെരുവ് നായ കടിച്ചത്. കണ്ണിലും കാലിലും കൈയിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അവിടെ നിന്നാണ് ആദ്യത്തെ വാക്‌സിന്‍ എടുക്കുന്നത്. പിന്നീട് രണ്ട് വാക്‌സിന്‍ പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് സ്വീകരിച്ചത്.