പത്തനംതിട്ട : ലോക്ക് ഡൗണിൽ ജില്ലയിൽ കുടുങ്ങിയ 9,300 അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ സന്നദ്ധത അറിയിച്ചതായി കലക്ടര്‍ പി.ബി നൂഹ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
ജില്ലയിൽ പല ഭാഗങ്ങളിലായി 16,066 അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. അടൂർ താലൂക്കിൽ നിന്ന് 2,584 പേരാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത്. ഇതിന്‍റെ ഭാഗമായി താലൂക്ക് തലത്തിലും റെയില്‍വേ സ്റ്റേഷനിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തയ്യാറാക്കും. മടങ്ങിപോകുന്ന അതിഥി തൊഴിലാളികള്‍ ട്രെയിന്‍ യാത്രാക്കൂലി തലേദിവസം വില്ലേജ് ഓഫീസര്‍മാര്‍ക്ക് കൈമാറണം. ട്രെയിന്‍ ചാര്‍ജ് അടയ്ക്കുകയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതുമായ അതിഥി തൊഴിലാളികൾക്ക് മാത്രമേ യാത്രക്ക് അനുമതിയുള്ളൂ. ഓരോ സംസ്ഥാനത്തിലേക്കുമുള്ള ട്രെയിനുകള്‍ ലഭ്യമാകുന്നതിന്‍റെ അടിസ്ഥാനത്തിലാകും ക്രമീകരണങ്ങള്‍ ഒരുക്കുക. മടങ്ങിപോകുന്ന അതിഥി തൊഴിലാളികള്‍ക്കായി മാസ്‌ക്ക്, സാനിറ്റൈസര്‍, സാമൂഹ്യഅകലം ഉറപ്പ് വരുത്തൽ എന്നീ ക്രമീകരണങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ഒരുക്കണം. ഇവർക്കുള്ള ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദുരന്ത നിവാരണ അതോറിറ്റി ഒരുക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.