പത്തനംതിട്ട: കടമ്പനാട് വടക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ ക്രമക്കേട് നടത്തിയ മുന്‍ സെക്രട്ടറിമാര്‍ അറസ്റ്റില്‍. മുന്‍ സെക്രട്ടറി സണ്ണി പി. ശാമുവേല്‍ (56), മുന്‍ അസിസ്റ്റന്‍റ് സെക്രട്ടറി ലിന്‍സി ഐസക്ക് (54) എന്നിവരെയാണ് പൊലീസ് വ്യാഴാഴ്‌ച അറസ്റ്റ് ചെയ്‌തത്. 2016-17 കാലയളവിൽ കടമ്പനാട് വടക്ക് 55-ാം നമ്പർ സഹകരണ ബാങ്കിൽ കണക്കില്‍ കൃത്രിമം കാട്ടിയും വ്യാജ അക്കൗണ്ടുണ്ടാക്കിയും സ്വര്‍ണം പണയം വച്ചും ലോണെടുത്തും തട്ടിപ്പ് നടത്തിയെന്നതാണ് കേസ്.
ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റ്
സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം ജൂനിയര്‍ ഓഡിറ്റര്‍ അനില്‍ കുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് 2019ൽ പൊലീസ് കേസെടുത്തത്. ഇത് സംബന്ധിച്ച അന്വേഷണം നടന്നു വരുന്നതിനിടെ വ്യാഴാഴ്‌ച ഇരുവരെയും പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്‌ത ശേഷം പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടിയെന്ന് കണ്ടെത്തൽ
തട്ടിപ്പിലൂടെ ലഭിച്ച പണം വ്യാജ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ഇവര്‍ തന്നെ പണം പിന്‍വലിച്ചു. പ്രതികൾ വ്യാജ അക്കൗണ്ട് വഴി ചിട്ടി, കാര്‍ഷിക വായ്‌പ, ഭവന നിര്‍മാണ വായ്‌പ എന്നിവ എടുത്തുവെന്നും ഇതു കൂടാതെ മുക്കുപണ്ടം പണയം വയ്ക്കുകയും ചെയ്‌തിട്ടുണ്ട്. സ്വര്‍ണ പണയത്തിന് അനുവദിച്ചിരിക്കുന്ന തുകയേക്കാള്‍ കൂടുതൽ പണവും കൈപ്പറ്റിയതായി കണ്ടെത്തി. വായ്‌പയുടെ പലിശ കുറച്ച് അടപ്പിച്ച് ബാങ്കിന് നഷ്ടം വരുത്തുകയും ചെയ്‌തു. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
ALSO READ: മക്കൾ പബ്‌ജി കളിച്ചു, അമ്മയ്ക്ക് നഷ്‌ടം ഒരു ലക്ഷം; അന്തംവിട്ട് പൊലീസ്