പത്തനംതിട്ട : അതിക്രൂര മനോഭാവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് പെരുമാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan Against Central Government). സംസ്ഥാനമെന്ന നിലയില്‍ നല്ല പ്രകടനമാണ് കേരളം കാഴ്ചവയ്ക്കുന്നത്. സംസ്ഥാനത്തിന്‍റെ പ്രകടനം വച്ച് നോക്കിയാല്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ട സാഹചര്യമില്ല.
എന്നാല്‍, കേരളത്തെ ഒരു തരത്തിലും മുന്നോട്ട് പോകാന്‍ അനുവദിക്കില്ല എന്ന വാശിയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ 1,07,500 കോടി രൂപയുടെ കുറവാണ് കേരളത്തിനുണ്ടായത്. ഈ നിലയില്‍ എങ്ങനെ മുന്നോട്ടുപോകാനാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ തര്‍ക്കിച്ച് നില്‍ക്കാനല്ല ഒന്നിച്ച് നില്‍ക്കാനാണ് പ്രതിപക്ഷത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബഹിഷ്‌കരണ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. 2024ലേയോ 2026ലേയോ ഒരു പ്രശ്‌നമല്ല ഇത്. ദീര്‍ഘകാലത്തില്‍ നമ്മുടെ നാട് തകര്‍ന്നുപോകുന്ന പ്രശ്‌നമാണ് മുന്നിലുള്ളത്.
ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള ജനക്കൂട്ടമാണ് നവകേരള സദസിലെത്തുന്നതും മന്ത്രിമാര്‍ പോകുന്ന വഴിക്ക് കാത്ത് നില്‍ക്കുന്നതുമായ ആയിരങ്ങള്‍ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്‍റെ നാട് തകര്‍ന്നുകൂടാ, കേരളം തകര്‍ന്നുകൂടാ എന്ന ബോധത്തിന്‍റെ ഭാഗമായിട്ടാണ് പതിനായിരങ്ങള്‍ നവകേരള സദസിലേക്ക് ഒഴുകിയെത്തുന്നത്.
ആരെയും നിര്‍ബന്ധിച്ചിട്ടല്ല ആളുകള്‍ നവകേരള സദസിനെത്തുന്നത്. എന്‍റെ നാടിന്‍റെ ഭാവി, എന്‍റെ കുഞ്ഞുങ്ങളുടെ ഭാവി എന്ന ബോധ്യത്തോടെയാണ് അവര്‍ എത്തുന്നത്. എല്ലാ കൂട്ടായ്മകളെയും കവച്ചുവയ്ക്കുന്ന ജനക്കൂട്ടമാണ് എല്ലാ സദസിലും കാണാന്‍ കഴിയുന്നതെന്നും അടൂര്‍ നിയോജക മണ്ഡലത്തിലെ നവകേരള സദസ് പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഗവര്‍ണറെ ഉപയോഗിച്ചും കേരളത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. എന്തും വിളിച്ചുപറയാനും എന്തും ചെയ്യാനും തയ്യാറാകുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു (CM Pinarayi Vijayan Criticized Governor Arif Mohammed Khan).
Also Read : ഗവർണർ അഴിപ്പിച്ച ബാനർ വീണ്ടും ഉയർത്തി എസ്എഫ്ഐ; ക്യാമ്പസിൽ നൂറുകണക്കിന് ബാനർ ഉയരുമെന്ന് മുന്നറിയിപ്പ്
പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പൊന്നാടയും ഉപഹാരവും നല്‍കി മുഖ്യമന്ത്രി ആദരിച്ചു. അടൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന കാര്‍ഷിക പദ്ധതി 'നിറ പൊലിവ് വിഷന്‍ 2025'-ന്‍റെ ലോഗോ കൃഷി മന്ത്രി പി. പ്രസാദിന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കറും അടൂര്‍ നിയമസഭ നിയോജക മണ്ഡലം എംഎല്‍എയുമായ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആന്‍റണി രാജു, എം ബി രാജേഷ്, കെ രാജന്‍, എന്നിവരും പരിപാടിയില്‍ സംസാരിച്ചു.