പത്തനംതിട്ട: കലക്ടറേറ്റില്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത ജില്ലാതല ഓഫീസര്‍മാര്‍ക്ക് തുണി സഞ്ചി വിതരണം ചെയ്തു. ജനുവരി ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കുകള്‍ സംസ്ഥാനത്ത് നിരോധിക്കുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കണണമെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന്‍റെ ഭാഗമായാണ് പരിപാടി. കലക്ടറേറ്റിലെ അസിസ്റ്റന്‍റ് ഡവലപ്‌മെന്റ് കമ്മീഷണറുടെ ഓഫീസിലെ സ്റ്റാഫ് കൗണ്സിലിന്റെ നേതൃത്വത്തിലാണ് തുണിസഞ്ചികള്‍ വിതരണം ചെയ്തത്.
രാജു ഏബ്രഹാം എംഎല്‍എയുടെ സാന്നിധ്യത്തില്‍ തുണി സഞ്ചി വിതരണത്തിന്റെ ഉദ്ഘാടനം എ.ഡി.എം അലക്‌സ് പി.തോമസ് ജില്ലാ പ്ലാനിങ് ഓഫീസര്‍ വി. ജഗല്‍ കുമാറിന് നല്‍കി നിര്‍വഹിച്ചു. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളെ ബോധവത്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് തുണിസഞ്ചികള്‍ വിതരണം ചെയ്തതെന്ന് എ.ഡി.സി കെ.കെ വിമല്‍ രാജ് പറഞ്ഞു. എ.ഡി.സി (പി.എ) വിനോദ് കുമാര്‍, ജില്ലാ തല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.