പത്തനംതിട്ട: റേഷൻ പ്രശ്നനത്തിന് പരിഹാരം എളുപ്പത്തില്‍ സാധ്യമാക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് pg.civilsupplieskerala.gov.in എന്ന പോർട്ടലിലൂടെ ഇനി മുതല്‍ ഓൺലൈനായി പരാതി നൽകാം. പരാതിയുടെ പുരോഗതിയും ഈ വെബ്സൈറ്റിലൂടെ അറിയാന്‍ കഴിയും. ഭക്ഷ്യാവകാശം ഉറപ്പ് വരുത്തുന്ന ദേശീയ ഭക്ഷ്യഭദ്രതാ നിയമ പ്രകാരമാണ് പുതിയ സംവിധാനം. നഷ്ടപരിഹാരത്തിന് പരാതി നൽകുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥനെയും നിയോഗിച്ചിട്ടുണ്ട്. റേഷൻ കൃത്യമായ അളവിലും തൂക്കത്തിലും കിട്ടിയില്ലെങ്കിലും പരാതി നൽകാം.
2013ലെ ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള ഒരു വ്യക്തിക്ക് അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം ഉറപ്പുവരുത്തുന്നുണ്ട്. അന്ത്യോദയ അന്ന യോജന കാർഡിന് മാസം 35 കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. കേരളത്തിൽ നാല് വിഭാഗം ഗുണഭോക്തൃ റേഷൻ കാർഡുകളാണുള്ളത്. കമ്പ്യൂട്ടര്‍വത്കരണം വന്നതോടെ ഇ-പോസ്(ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ) മെഷീനുകളുടെ സഹായത്തോടെ ഗുണഭോക്താവിനെ തിരിച്ചറിഞ്ഞാണ് നിലവിൽ റേഷൻ വിതരണം സാധ്യമാക്കുന്നത്. ഇതുവഴി കൃത്യമായ അളവിൽ ഗുണഭോക്താവിന് റേഷൻ സാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കഴിയും.
പോർട്ടബിലിറ്റി സംവിധാനം പൂർണ സജ്ജമാകുന്നതോടെ റേഷൻ സാധനങ്ങൾ രാജ്യത്ത് എവിടെനിന്നും വാങ്ങാൻ ഗുണഭോക്താവിന് കഴിയും. നിലവിൽ സംസ്ഥാനത്ത് ഏത് റേഷൻ കടയിൽനിന്നും ഗുണഭോക്താവിന് റേഷൻ വാങ്ങാന്‍ സാധിക്കും. പ്രോക്സി സംവിധാനവും നിലവിലുണ്ട്. ഗുരുതരരോഗം, 65 വയസിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ ഉൾപ്പടെയുള്ളവർക്കായി റേഷൻ വാങ്ങുന്നതിന് മറ്റൊരാളെ ചുമതലപ്പെടുത്തുന്നതിനാണ് പ്രോക്സി. തുടർച്ചയായി മൂന്ന് മാസം റേഷൻ സാധനങ്ങൾ വാങ്ങാത്തവരെ മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കും. റേഷൻ ആവശ്യമില്ലാത്തവർക്ക് ആറ് മാസത്തെ കാലാവധിയിൽ റേഷൻ വേണ്ടെന്ന് അറിയിക്കാനും സംവിധാനമുണ്ട്. ഓൺലൈൻ സേവനങ്ങൾക്കായി 'എന്റെ റേഷൻ കാർഡ്' എന്ന മൊബൈൽ ആപ്ലിക്കേഷനും നിലവിലുണ്ട്. പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ആപ്ലിക്കേഷൻ ഉപയോഗിക്കാന്‍ കഴിയും.