പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവ്. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ നൽകിയ ഹർജിയിലാണ് ഉത്തരവ്. സിബിഐ അന്വേഷണമാകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മത്തായി മരിച്ച് ഒരു മാസത്തോട് അടുത്തിട്ടും മൃതദേഹം സംസ്‌കരിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സംസ്‌കാരത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്നും മത്തായിയുടെ ഭാര്യയോട് കോടതി നിർദേശിച്ചു. ആരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു.
അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നത്. മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായും റിപ്പോർട്ടിലുണ്ട്. പത്തനംതിട്ട പൊലീസ് മേധാവിയോട് വിഷയത്തിൽ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.