പത്തനംതിട്ട: അടുത്ത ഒരു വര്‍ഷത്തെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുക്കുന്നതിനുള്ള അവസരം ലഭിച്ച പന്തളം കൊട്ടാരത്തിലെ ഗോവിന്ദ് വര്‍മ, നിരഞ്ജന്‍ ആര്‍.വര്‍മ എന്നിവര്‍ നാളെ ശബരിമലയ്ക്ക് തിരിയ്ക്കും. ഇവരുടെ തെരഞ്ഞെടുപ്പിനു വലിയ തമ്പുരാന്‍ രേവതിനാള്‍ പി.രാമവര്‍മ രാജ അംഗീകാരം നല്‍കി.
തുലാമാസം ഒന്നായ 17നാണ് മേൽശാന്തിമാരുടെ നറുക്കെടുപ്പ്. ഗോവിന്ദ് ശബരിമല മേല്‍ശാന്തിയെയും നിരഞ്ജന്‍ മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുക്കും.
ഉച്ചയ്ക്ക് ഒരു മണിയോടെയാകും ഇരുവരും ശബരിമലയ്ക്ക് പുറപ്പെടുക. കുട്ടികളുടെ രക്ഷിതാക്കള്‍ക്കൊപ്പം പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രതിനിധികളും ഒപ്പമുണ്ടാകും.
2011ലെ സുപ്രീം കോടതി ഉത്തരവനുസരിച്ചു ജസ്റ്റിസ് കെ.ടി. തോമസിന്‍റെ മീഡിയേഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് പന്തളം കൊട്ടാരത്തിലെ കുട്ടികള്‍ മേല്‍ശാന്തിമാരെ നറുക്കെടുക്കുന്നത്. ശബരിമല മേല്‍ശാന്തിയെ ആണ്‍കുട്ടിയും മാളികപ്പുറം മേല്‍ശാന്തിയെ പെണ്‍കുട്ടിയുമാണ് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ കൊവിഡ് മാനദണ്ഡം നിലവില്‍ വന്നതോടെയാണു കഴിഞ്ഞ വര്‍ഷം മുതല്‍ 10 വയസിനു മുകളിലുള്ള ആണ്‍കുട്ടികള്‍ മാത്രം മേല്‍ശാന്തി നറുക്കെടുപ്പിനായി ശബരിമലയ്ക്ക് പോകാനുള്ള തീരുമാനമെടുത്തത്.
Also Read: മുഹമ്മദ് റിയാസ് വ്യക്തമാക്കിയത് പാര്‍ട്ടിയുടെ പൊതുനിലപാട്; പിന്തുണയുമായി എ. വിജയരാഘവന്‍