പത്തനംതിട്ട: പ്ലാസ്റ്റിക്ക് ക്യാരി ബാഗിന് പകരമായി 'ചേളാവ്' വിപണിയിലെത്തി. തണ്ണിത്തോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ സപ്തസാരാ സാംസ്കാരിക സമിതിയാണ് ചേളാവ് വിപണിയിലെത്തിച്ചത്. പതിറ്റാണ്ടുകൾക്ക് മുൻപ് അപ്രത്യക്ഷമായ തുണി സഞ്ചിയെയാണ് ചേളാവെന്ന് വിളിക്കുന്നത്. പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളുടെ അതിപ്രസരം തടയുക എന്ന ലക്ഷ്യത്തോടെയാണ് ചേളാവ് വിപണിയിലെത്തിക്കുന്നത്. കോന്നി ഫെസ്റ്റിൽ വൻ സ്വീകാര്യതയാണ് ചേളാവിന് ലഭിക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.
ആകർഷകമായ ഡിസൈനുകളിൽ തുന്നിയെടുക്കുന്ന ചേളാവ് അനായാസം പോക്കറ്റിലോ ബാഗിലോ സുക്ഷിക്കാൻ സാധിക്കും. വിവിധ രീതിയിൽ ഫാഷൻ വസ്ത്രങ്ങളായി പുരുഷൻമാർക്കും സ്ത്രീകൾക്കും ഉപയോഗിക്കാനാകുമെന്നതും ചേളാവിനെ വ്യത്യസ്‌തമാക്കുന്നു. ക്യാരി ബാഗായി ഉപയോഗിച്ച ശേഷം കഴുകി വൃത്തിയാക്കി പുനരുപയോഗം നടത്താവുന്ന ചേളാവിന് 60 രൂപയാണ് നിർമാണ ചെലവ്. എന്നാൽ വൻ തോതിൽ ഉത്പ്പാദിപ്പിച്ചാൽ 26 മുതൽ 30 രുപ വരെ മാത്രമേ ചെലവ് വരികയുള്ളു എന്നും നിർമാതാക്കൾ പറയുന്നു. ചേളാവ് വ്യാപകമായി വിപണിയിലെത്തിച്ചാൽ പ്ലാസ്റ്റിക്ക് ക്യാരി ബാഗില്‍ നിന്നും രക്ഷനേടാമെന്നും ഇവര്‍ പറയുന്നു.