പത്തനംതിട്ട : ആരോഗ്യ വകുപ്പിന്‍റെ പേരില്‍ നിയമന തട്ടിപ്പ് നടത്തി പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പത്തനംതിട്ട നിലയ്ക്കൽ സ്വദേശി അരവിന്ദ് വെട്ടിക്കല്‍ പത്തനംതിട്ട എംപിയുടെ പേര് ഉപയോഗപ്പെടുത്തിയാതായി റിപ്പോര്‍ട്ട് (cheating cases against youth congress leader Aravind Vettikkal). പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയുടെ പേരാണ് ഇയാള്‍ ഉപയോഗിച്ചത്. എംപി ക്വാട്ടയില്‍ ജോലി ഉണ്ടെന്ന് വാഗ്‌ദാനം ചെയ്‌തായിയിരുന്നു അരവിന്ദ് തട്ടിപ്പ് നടത്തിയത്.
യുവതിയുടെ കയ്യില്‍ നിന്നും പണം വാങ്ങാൻ എംപിയുമായി അടുത്ത ബന്ധമുണ്ടെന്ന് കാണിക്കുകയായിരുന്നു ഇയാൾ. പൊലീസ് ഇന്ന് അരവിന്ദ് വെട്ടിക്കലിനായി കസ്‌റ്റഡി അപേക്ഷ സമര്‍പ്പിക്കും. അരവിന്ദിനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. തട്ടിപ്പിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം (cheating cases against youth congress leader Aravind Vettikkal).
സംഭവത്തെക്കുറിച്ചറിഞ്ഞ ആരോഗ്യവകുപ്പാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിയ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് ചൊവ്വാഴ്‌ച പത്തനംതിട്ടയില്‍ നിന്നാണ് അരവിന്ദിനെ കസ്‌റ്റഡിയിലെടുത്തത്. ഇന്നലെ (ഡിസംബര്‍ 6) അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അരവിന്ദിനെ പാർട്ടി സസ്പെൻഡ് ചെയ്ത്തിരുന്നു. ആരോഗ്യവകുപ്പിന്‍റെ പേരില്‍ വ്യാജ നിയമന ഉത്തരവ് നല്‍കിയ പണം തട്ടിയതിനാണ് സസ്പെൻഷൻ നടപടി. അരവിന്ദനെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയതായി
യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പില്‍ നിയമനം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പത്തനംതിട്ട സ്വദേശിയായ യുവതിയിൽ നിന്ന് 50,000 രൂപയാണ് അരവിന്ദ് വാങ്ങിയത് (health department Recruitment Fraud Case Aravind Vettikkal). ഇതിനായി ഇവർക്ക് വ്യാജ നിയമന ഉത്തരവും നല്‍കി. ഈ വ്യാജ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ആരോഗ്യവകുപ്പ് പരാതി നല്‍കിയത്.
ഇയാൾ തട്ടിപ്പില്‍ പിടിയിലായതറിഞ്ഞ് ജോലിക്കായി പണം നല്‍കിയ നിരവധി പേർ പൊലീസിനെ ബന്ധപ്പെടുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിയമനം വാഗ്‌ദാനം ചെയ്‌തു തന്നോട് മൂന്ന് ലക്ഷം രൂപ അരവിന്ദ് ആവശ്യപ്പെട്ടെന്ന പരാതിയുമായി യുവമോര്‍ച്ച നേതാവ് അജിത് സജിയും രംഗത്തെത്തിയിരുന്നു.
ബെവ്ക്കോയില്‍ നിയമനം വാഗ്‌ദാനം ചെയ്‌ത് കായംകുളം സ്വദേശിയായ ദമ്പതികളില്‍ നിന്നും ഒന്നര ലക്ഷം രൂപ ഇയാൾ വാങ്ങി. പണം നഷ്‌ടമായ നിരവധിപേർ നാണക്കേട് മൂലം പരാതിയുമായി മുന്നോട്ടുപോകാൻ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. നഴ്‌സിങ് സീറ്റ് വാഗ്‌ദാനം ചെയ്‌തും അരവിന്ദ് തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വഴിയാണ് ഇയാൾ എല്ലാവരില്‍ നിന്നും പണം വാങ്ങിയിട്ടുള്ളത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫിസിന്‍റെ പേരില്‍ ജോലിതട്ടിപ്പ് നടത്തിയ മുൻ സിഐടിയു പത്തനംതിട്ട സെക്രട്ടറിയുമായിരുന്ന അഖില്‍ സജീവുമായി അരവിന്ദിന് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.