പത്തനംതിട്ട: ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തെന്ന് ആരോപിച്ച് എസ്ഐക്ക് എതിരെ പരാതിയുമായി ദലിത് യുവാവ്. കോയിപ്രം എസ്.ഐ രമേശന് എതിരെയാണ് പുല്ലാട് സ്വദേശി കെ.എസ് സജു ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ 31നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. 31ന് വൈകിട്ട് ആറരയോടെ മോസ്കോ പടിയിലുള്ള വീടിന് മുന്നില്‍ സഹോദരനുമായി സംസാരിച്ച് നിന്ന സജുവിനെ പൊലീസില്‍ ജീപ്പില്‍ എത്തിയ എസ്.ഐ ഗർഭിണിയായ ഭാര്യയുടെ മുന്നില്‍ വച്ച് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ബലമായി ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയെന്നും യുവാവിന്‍റെ പരാതിയില്‍ പറയുന്നു.
മദ്യലഹരിയിലെത്തിയ എസ്‌ഐ ക്രൂരമായി മർദിക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തു. ഇതിനിടെ പലവട്ടം മുഖത്ത് തുപ്പുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. എസ്ഐ പോയതിന് ശേഷം മറ്റ് പൊലീസുകാരുടെ നിർദേശം അനുസരിച്ച് അച്ഛനെ വിളിച്ച് വിവരം അറിയിച്ചു. അച്ഛനും മറ്റൊരു സുഹൃത്തും എത്തി ജാമ്യത്തില്‍ ഇറക്കുകയായിരുന്നു. ഇതിനിടെ വീണ്ടും സ്റ്റേഷനില്‍ തിരിച്ചെത്തിയ എസ്ഐ ബൈക്കിന്‍റെ താക്കോലും മൊബൈല്‍ ഫോണും പിടിച്ച് വാങ്ങി. ഇവ തിരിച്ച് നല്‍കാൻ ആവശ്യപ്പെട്ടപ്പോൾ വീണ്ടും എസ്ഐ അസഭ്യം പറഞ്ഞെന്നും യുവാവിന്‍റെ പരാതിയില്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്‌ച ജില്ലാ പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്താനുള്ള അറിയിപ്പ് ലഭിച്ചതായും സജു പറഞ്ഞു. സജുവിന്‍റെ പരാതിയിൽ പറയുന്ന ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും പൊതു സ്ഥലത്ത് മദ്യപിച്ച് ബഹളം വച്ചതിന്‍റെ പേരിലാണ് സജുവിനെ സ്റ്റേഷനിൽ കൊണ്ടുവന്നതെന്നും കോയിപ്രം സിഐ പറഞ്ഞു. പെറ്റി കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ ജാമ്യത്തിൽ വിട്ടെന്നും സിഐ വിശദീകരിച്ചു.