പത്തനംതിട്ട: ഭാര്യയെ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയതിന് പിന്നാലെ മൂന്ന് മക്കളുടെ അമ്മയായ യുവതിയും കാമുകനും സ്റ്റേഷനിൽ ഹാജരായത് വിഷം കഴിച്ച ശേഷം. തുടർന്ന് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കാൻ എത്തിച്ച കമിതാക്കൾ തങ്ങൾ വിഷം കഴിച്ചെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കമിതാക്കളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കുമെതിരെ ആത്മഹത്യാ ശ്രമത്തിന് കേസ് എടുത്തു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ തിരുവല്ല പൊലീസ് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തിരുവല്ല കുറ്റൂർ തെങ്ങേലി ലക്ഷം വീട് കോളനിയില്‍ ജയന്തി ( 24) സമീപവാസിയായ വിഷ്ണു (22) എന്നിവരാണ് വിഷം കഴിച്ച നിലയിൽ തിരുവല്ല പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പൊലീസിൽ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അന്വേഷണം നടക്കുന്നതിനിടയിലാണ് യുവതിയും കാമുകനും വൈകിട്ട് സ്റ്റേഷനില്‍ ഹാജരായത്.
മൊഴിയെടുപ്പിന് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് ഇരുവരും വിഷംകഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായിരുന്നതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ ആത്മഹത്യ ശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.