പത്തനംതിട്ട: ജില്ലയില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കച്ചവട സ്ഥാപനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ല കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി. ജില്ലയിലെ വ്യാപാര വ്യവസായ സംഘടനാ ഭാരവാഹികളെ ഉള്‍ക്കൊള്ളിച്ച് ഓണ്‍ലൈനായി നടത്തിയ ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം നിര്‍ദേശിച്ചത്.
ALSO READ: കര്‍ഷകര്‍ക്ക് കൈത്താങ്ങായി കപ്പ ചലഞ്ച്: 2000 കിലോ ശേഖരിച്ച് മലപ്പുറം പൊലീസ്
ജില്ലയില്‍ വാക്‌സിന്‍ വിതരണം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതുവരെ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം. അവശ്യ വസ്തു വില്‍പന കടകളും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന കടകളും മാത്രമേ ജില്ലയില്‍ തുറക്കുന്നുള്ളുവെന്ന് ഉറപ്പുവരുത്തും. അവശ്യ വസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള ജീവനക്കാര്‍ക്കും ഹോട്ടല്‍, റസ്റ്ററന്‍റ് ജീവനക്കാര്‍ക്കും വാക്‌സിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വാക്‌സിന്‍ സ്വീകരിക്കാം. ടൗണുകള്‍ കേന്ദ്രീകരിച്ച് ആഴ്ചയില്‍ ഒരു ദിവസം കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് പരിശോധന നടത്തുന്ന കാര്യത്തില്‍ നടപടികള്‍ കൈക്കൊള്ളുമെന്നും കലക്ടര്‍ പറഞ്ഞു.
വ്യാപാരികള്‍ ശ്രദ്ധിക്കേണ്ടത്
കച്ചവട സ്ഥാപനങ്ങളില്‍ ജനാലകള്‍ തുറന്നിടണം. എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാന്‍ പാടില്ല. എല്ലാ കടകളിലും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ തറയില്‍ പ്രത്യേകം അടയാളപ്പെടുത്തലുകള്‍ ഉണ്ടാകണം. കടകള്‍ക്ക് മുന്‍പില്‍ സാനിറ്റൈസര്‍ സ്ഥാപിക്കണം. കടകള്‍ക്കുള്ളില്‍ ആളുകളെ നിയന്ത്രിക്കണം. ചെറിയ കടകളില്‍ ആളുകളുടെ പ്രവേശനം നിയന്ത്രിക്കണം. കഴിയുന്നത്ര കടകളിലും റിബണ്‍ കെട്ടി സാധനങ്ങള്‍ വെളിയില്‍ എത്തിച്ചു നല്‍കണം. കണ്ടെയ്ന്‍മെന്‍റ് സോണുകളിലും രോഗവ്യാപനം കൂടുതലുള്ള പഞ്ചായത്തുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും. ജില്ലയില്‍ 80 ശതമാനം വാക്‌സിന്‍ വിതരണം പൂര്‍ത്തിയാകുന്നതുവരെ എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ജില്ല കലക്ടര്‍ അഭ്യര്‍ഥിച്ചു.
കെട്ടിട വാടകയില്‍ ഇളവ് നല്‍കാന്‍ പരിഗണന
കച്ചവടക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും അവര്‍ക്കുള്ള ആശങ്കകളും വിവിധ സംഘടന പ്രതിനിധികള്‍ ജില്ല കലക്ടറെ അറിയിച്ചു. കെട്ടിട വാടകയിലും മറ്റ് ഇനങ്ങളിലും ഇളവ് നല്‍കണമെന്നും സംഘടനാഭാരവാഹികള്‍ പറഞ്ഞു. ഇക്കാര്യം അനുകൂലമായി പരിഗണിക്കണമെന്ന് ജില്ല കളക്ടര്‍ സ്വകാര്യ കെട്ടിട ഉടമകളോട് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ കാര്യത്തില്‍, അത് സര്‍ക്കാരിന്‍റെ പരിഗണനയ്ക്കായി അയയ്ക്കുമെന്നും കളക്ടര്‍ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്നും നിയന്ത്രണങ്ങളോട് സഹകരിക്കുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.
ഇന്‍സ്റ്റിറ്റ്‌യൂഷണല്‍ ക്ലസ്റ്ററുകള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത
എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനിയും അഭ്യര്‍ഥിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള കടകളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കടകളില്‍ റിബണ്‍ കെട്ടി സാധനങ്ങള്‍ പുറത്തെത്തിച്ച് നല്‍കുന്ന സംവിധാനത്തെ പരമാവധി പ്രോത്സാഹിപ്പിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കി രോഗവ്യാപനം കൂടാതിരിക്കാന്‍ സഹകരിക്കണമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. ഇന്‍സ്റ്റിറ്റ്‌യൂഷണല്‍ ക്ലസ്റ്ററുകള്‍ ഉണ്ടാകാതിരിക്കാന്‍ കച്ചവട സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു. കടകളില്‍ വായു സഞ്ചാരം ഉറപ്പുവരുത്തണം. ജീവനക്കാരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഉടന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഡി.ഡി.പി എസ്. ശ്രീകുമാര്‍, ജില്ല സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, വിവിധ വ്യാപാര വ്യവസായ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.