പത്തനംതിട്ട: കോന്നിയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഇരുനില വീടിന്‍റെ വാർപ്പ് ഭാഗം തകർന്ന് വീണ് ഒരാൾ മരിച്ചു. നിർമാണ തൊഴിലാളി കോന്നി മരങ്ങാട്ട് പുതുപ്പറമ്പിൽ അതുൽ കൃഷ്ണ (32) ആണ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മുകൾ നിലയിലെ വാർപ്പിന്‍റെ തട്ടിളക്കി മാറ്റുന്നതിനിടെ വാർപ്പ് തകർന്ന് അതുലിന്‍റെ ദേഹത്തേയ്ക്ക് പതിയ്ക്കുകയായിരുന്നു. സംഭവമറിഞ്ഞ് കോന്നി പൊലീസും ഫയർ ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി. തകർന്ന് വീണ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും രണ്ടു മണിക്കൂറിലധികം പരിശ്രമിച്ചാണ് അതുലിനെ പുറത്തെടുത്തത്. പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അശാസ്ത്രീയമായ നിർമാണവും കോൺക്രീറ്റ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ മേൽക്കൂരയുടെ തട്ട് ഇളക്കി മാറ്റിയതുമാണ് അപകടത്തിന് കാരണമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
കോന്നി സ്വദേശി ജോസിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്ന് വീണത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ. കോന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.