പത്തനംതിട്ട : അടൂരിൽ ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. അടൂർ കടമ്പനാട് തുവയൂര്‍ തെക്ക് മാഞ്ഞാലി കാഞ്ഞിരവിള പടിഞ്ഞാറ്റേതില്‍ സഹോദരങ്ങളായ ശ്രീനാഥ് (32), ശ്രീരാജ് (28) എന്നിവരെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എഫ്.ഐ അടൂര്‍ ബ്ലോക്ക് സെക്രട്ടറിയേറ്റംഗവും കടമ്പനാട് കിഴക്ക് മേഖലാ സെക്രട്ടറിയുമായ തുവയൂര്‍ തെക്ക് സുരേഷ് ഭവനില്‍ സുനില്‍ സുരേന്ദ്രനാണ് (27) ശനിയാഴ്ച വൈകിട്ട് വെട്ടേറ്റത്.
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മലങ്കാവിലേക്ക് ബൈക്കില്‍ പോകും വഴി മാഞ്ഞാലി ഭാഗത്തുവച്ച് ബൈക്ക് തടഞ്ഞ് സുനിലിനെ വെട്ടുകയായിരുന്നു. പുറത്തും മുതുകിലും ആഴത്തിൽ വെട്ടേറ്റ സുനിൽ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read: അടൂരില്‍ ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു ; പിന്നില്‍ ആര്‍.എസ്.എസ്സെന്ന് ആരോപണം
സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നാണ് സി.പി.എം ആരോപണം.പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കൊട്ടാരക്കര കോട്ടാത്തലയിലെ ബന്ധുവീട്ടിൽ നിന്നുമാണ് പിടികൂടിയത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്നുപേർക്കെതിരെയും പൊലീസ് കേസെടുത്തു.
ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകർ മഹാജന്റെ നിർദേശാനുസരണം അടൂര്‍ ഡി.വൈ.എസ്.പി ആര്‍ ബിനു, ഏനാത്ത് സി.ഐ സുജിത്ത്, പന്തളം സി.ഐ ശ്രീകുമാര്‍, കൊടുമണ്‍ സി.ഐ മഹേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.