പത്തനംതിട്ട: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഹോം സ്‌റ്റേകളും വാടക വീടുകളും കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്‌തിരുന്ന സംഘത്തിലെ പ്രതികളിലൊരാൾ പിടിയിൽ. കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ തട്ടാപ്പറമ്പിൽ വീട്ടിൽ സജിയാണ് (38) പിടിയിലായത്. തിരുവല്ല ഡിവൈഎസ്‌പി ടി രാജപ്പൻ, സി ഐ വിനോദ് എന്നിവരടങ്ങുന്ന സംഘം ഇന്ന് രാവിലെ പത്തരയോടെ കോട്ടയം നാഗമ്പടത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയും സജിയുടെ പിതൃ സഹോദര പുത്രനുമായ കാഞ്ഞങ്ങാട് സ്വദേശി ഷിബു പൊലീസ് എത്തുന്നതറിഞ്ഞ് രക്ഷപ്പെട്ടു. ഇവരെ കൂടാതെ നാല് പേർ കൂടി കേസിൽ പ്രതികളായുണ്ട്.
തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്‌റ്റേയില്‍ താമസിച്ച് കള്ളനോട്ട് നിര്‍മിച്ച് വിതരണം ചെയ്‌തിരുന്ന സംഭവത്തിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് പ്രതി പിടിയിലായത്. ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ സമര്‍ഥമായ നീക്കമാണ് പ്രതിയെ കുടുക്കിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഹോം സ്റ്റേകളിലും വാടക വീടുകളിലും മാറി മാറി താമസിച്ച് കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നതാണ് സംഘത്തിന്‍റെ രീതിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സജിയിൽ നിന്നും നോട്ട് അച്ചടിക്കാനുപയോഗിക്കുന്ന പ്രിന്‍ററും പേപ്പറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കുട്ടികളും സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 12 അംഗ സംഘം കുറ്റപ്പുഴയിലെ ഹോം സ്‌റ്റേയില്‍ ഇടവിട്ട് സന്ദര്‍ശനത്തിന് എത്തുന്നത് പതിവായിരുന്നു. പതിവായി വന്ന് വരുന്നവരായതിനാൽ ഉടമയ്ക്ക് സംശയം തോന്നിയിരുന്നില്ല. അവസാനമായി ഇവര്‍ വന്നു പോയ ശേഷം മുറി വൃത്തിയാക്കുന്നതിനിടെ 200ന്‍റെയും 500ന്‍റെയും 2000ന്‍റെയും അടക്കമുള്ള നോട്ടുകളുടെ അവശിഷ്ടങ്ങൾ വേസ്റ്റ് ബിന്നിൽ നിന്നും ഹോം സ്റ്റേ ഉടമയ്ക്ക് ലഭിച്ചു. ഇതേ തുടർന്ന് ഹോം സ്റ്റേ ഉടമ ഇന്‍റലിജൻസിലെ ഒരു ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് സജി പിടിയിലായത്. കൂടുതൽ ചോദ്യം ചെയ്‌ത ശേഷം പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായും ഡിവൈഎസ്‌പി ടി രാജപ്പൻ പറഞ്ഞു