പത്തനംതിട്ട: കൃത്യം നടന്ന ദിവസം പകല്‍ അസാധാരണമായ ശബ്‌ദങ്ങള്‍ കേട്ടിരുന്നു എന്ന് ഭഗവല്‍ സിങ്ങിന്‍റെ അയല്‍ക്കാരന്‍ ജോസ് തോമസ് ഇടിവി ഭാരതിനോട്. വിനോദ സഞ്ചാര കേന്ദ്രത്തിലെന്ന പോലെയാണ് ഇരട്ട നരബലി നടന്ന വീടും പറമ്പും കാണാന്‍ ജനങ്ങള്‍ എത്തുന്നതെന്ന് ജോസ് തോമസ് പറഞ്ഞു. ഭഗവല്‍ സിങ്ങിന്‍റെയും ലൈലയുടെയും വീടിന് തൊട്ടടുത്താണ് ജോസിന്‍റെ വീട്.
അതിനാല്‍ നരബലി നടന്ന വീടും മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരുന്ന പറമ്പും കാണാന്‍ എത്തുന്നവര്‍ ജോസ് തോമസിന്‍റെ വീട്ടു വളപ്പിലൂടെ കയറിയാണ് ഭഗവല്‍ സിങ്ങിന്‍റെ വീട്ടിലേക്ക് പോകുന്നത്. ചിലര്‍ മതില്‍ ചാടിക്കടന്നും അടുത്ത പറമ്പിലേക്ക് കയറാറുണ്ട്. നരബലി നടന്ന വീടും പറമ്പും പൊലീസ് പരിശോധിച്ചതിന് ശേഷം വന്‍ ജനത്തിരക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.
ആളുകള്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് ജോസിന്‍റെ വീടിന് മുമ്പില്‍ വച്ചിരുന്ന ചെടിച്ചട്ടികള്‍ തകര്‍ന്നതായും നിരവധി പേര്‍ മതില്‍ ചാടി കടന്നതിനാല്‍ മതിലിലെ പെയിന്‍റ് ഇളകിയതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഏകദേശം 50,000 രൂപയുടെ നഷ്‌ടം തനിക്ക് ഉണ്ടായതായി ജോസ് പറയുന്നു.