പത്തനംതിട്ട: ഷാജ് കിരണുമായി മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ബന്ധത്തിനപ്പുറം ഒരു ബന്ധവുമില്ലെന്ന് ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച്. ഗോസ്‌പല്‍ ഫോര്‍ ഏഷ്യ എന്ന ട്രസ്റ്റ് 2015 മുതല്‍ നിലവിലില്ല. ഷാജ് കിരണ്‍ എന്ന വ്യക്തിക്ക് ആ ട്രസ്റ്റിന്‍റെയോ സഭയുമായി ബന്ധപ്പെട്ട ഏതെങ്കിലും ട്രസ്റ്റിന്‍റെയോ ഭാഗമായി ഒരു തരത്തിലുമുള്ള ബന്ധവും മുന്‍പോ ഇപ്പോഴോ ഇല്ലെന്നും ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സഭ പി.ആര്‍.ഒയുമായുള്ള ബന്ധം മാത്രമാണ് ഷാജ് കിരണിനുള്ളത്. നിലവില്‍ മാധ്യമപ്രവര്‍ത്തന രംഗത്ത് ഷാജ് കിരണ്‍ ഇല്ലെന്നുള്ള വസ്‌തുത ഇപ്പോഴാണ് മനസിലാക്കുന്നതെന്നും ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് വ്യക്തമാക്കി. വിവാദങ്ങളിലേക്ക് സഭയുടെയും മെത്രാപ്പൊലീത്തയുടെയും പേര് അനാവശ്യമായി വലിച്ചിഴക്കുന്നത് ഒഴിവാക്കണം.
ഇതില്‍ നിയമനടപടികള്‍ എടുക്കണമോയെന്നുള്ളത് നിയമവിദഗ്‌ധരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ബിലിവേഴ്‌സ് ചര്‍ച്ച് അറിയിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടികളോടോ, രാഷ്ട്രീയ നേതൃത്വത്തോടോ പ്രത്യേക ബന്ധമോ താല്‍പര്യമോ സഭ വെച്ചുപുലര്‍ത്തിയിട്ടില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും നേതൃത്വവുമായും ഒരേ തരത്തിലുള്ള ബന്ധമാണുള്ളതെന്നും ചര്‍ച്ച് വ്യക്തമാക്കി.
ഷാജ് കിരണ്‍ ഇടനിലക്കാരന്‍: മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണ്‍ കഴിഞ്ഞ ദിവസം തന്നെ കണ്ടെന്നാരോപിച്ച് സ്വപ്‌ന സുരേഷ് രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്‌ണന്‍റെയും ഇടനിലക്കാരനാണ് ഷാജ് കിരണെന്നും സ്വപ്‌ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടുവെന്നും സ്വപ്‌ന വ്യക്തമാക്കിയിരുന്നു.
മൊഴി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും രജിസ്ട്രേഷന്‍ കാറില്‍ എത്തിയത് കെ.പി യോഹന്നാന്‍റെ ആളാണെന്ന് പരിചയപ്പടുത്തിയെന്നും സ്വപ്‌ന വെളിപ്പെടുത്തി. ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് ഷാജ് കിരൺ പാലക്കാട്ടെ ഓഫീസില്‍ എത്തിയതെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. ഈ സംഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് വാർത്ത കുറിപ്പ് പുറത്തിറക്കിയത്.
Also Read സ്വപ്‌നയുമായി രണ്ട് മാസത്തെ പരിചയം, മുഖ്യമന്ത്രിയെ അറിയില്ല: സംഭാഷണം പുറത്തുവിടട്ടെയെന്ന് ഷാജ് കിരൺ