പത്തനംതിട്ട : ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാറും ആരോഗ്യ മന്ത്രി വീണ ജോർജും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഇരുവരും തമ്മിൽ നടന്ന പോരിപ്പോൾ ജില്ലയിലെ സിപിഎം സിപിഐ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്. അച്ഛനെ കാഴ്‌ചക്കാരനാക്കി കരക്കാർ കല്യാണം നടത്തരുതെന്നാണ് സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി എപി ജയൻ ചിറ്റയത്തെ പിന്തുണച്ച് പ്രതികരിച്ചിരിക്കുന്നത്.
വിഷയത്തിൽ 'മകന്‍റെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ല' എന്നതു പോലെയാണ് ഡെപ്യൂട്ടി സ്‌പീക്കറുടെ പരാതിയെന്ന് കഴിഞ്ഞ ദിവസം സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെപി ഉദയഭാനു പ്രതികരിച്ചിരുന്നു. മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മിന് പരാതി നല്‍കിയിരുന്നുവെന്ന ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാറിന്‍റെ നിലപാട് തള്ളിക്കൊണ്ടാണ് സിപിഎം ജില്ല സെക്രട്ടറി വിഷയം ഏറ്റെടുത്തത്. എല്ലാവരും ചേര്‍ന്നാണ് സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷ പരിപാടി നടത്തേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
സിപിഎം ജില്ല സെക്രട്ടറിയുടെ പ്രതികരണത്തെ അതേ നാണയത്തിൽ പരിഹസിച്ചുകൊണ്ടാണ് സിപിഐ ജില്ല സെക്രട്ടറി രംഗത്ത് എത്തിയിരിക്കുന്നത്. ചിറ്റയത്തിന്‍റേത് സ്വാഭാവികമായ പ്രതികരണമാണെന്ന് പ്രതികരിച്ച എപി ജയന്‍ മന്ത്രി വീണ ജോര്‍ജിനെ അനുകൂലിച്ചുകൊണ്ടുള്ള സിപിഎം ജില്ല സെക്രട്ടറിയുടെ പ്രസ്‌താവന അപലപനീയമാണെന്നും കുറ്റപ്പെടുത്തി. ക്യാബിനറ്റ് റാങ്കിലുള്ള രണ്ട് പേരുടെ തര്‍ക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വീണ ജോര്‍ജ് കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നാണ് ആരോപണം. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ ആരോപിച്ചു.
Also read: വീണ ജോര്‍ജിന് പിന്നാലെ എല്‍ഡിഎഫിന് പരാതി നല്‍കി ചിറ്റയം ഗോപകുമാർ
ഇത്തരത്തില്‍ പതിവായി അവഗണിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ എന്‍റെ കേരളം പ്രദര്‍ശന മേള ഉദ്ഘാടനത്തില്‍ നിന്നും ചിറ്റയം ഗോപകുമാര്‍ വിട്ടുനില്‍ക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ പരസ്യ നിലപാട് എടുക്കുകയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്‌ത ചിറ്റയം ഗോപകുമാറിന് എതിരെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് എല്‍ഡിഎഫിന് പരാതി നല്‍കി.
അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും ഡെപ്യൂട്ടി സ്‌പീക്കറുടെ ഫോൺ കോളുകൾ പരിശോധിക്കണമെന്നുമാണ് പരാതി. മന്ത്രിക്ക് പിന്നാലെ ഡെപ്യൂട്ടി സ്‌പീക്കറും മന്ത്രിക്കെതിരെ എൽഡിഎഫിന് പരാതി നൽകിയിരുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം പോലും മനസിലാക്കാത്ത തരത്തിലാണ് ഡെപ്യൂട്ടി സ്‌പീക്കർ അനവസരത്തിൽ ആരോപണങ്ങൾ അഴിച്ചുവിട്ടതെന്ന് കുറ്റപ്പെടുത്തലുകളുണ്ട്. തൃക്കാക്കരയിൽ സെഞ്ച്വറി സീറ്റ് ലക്ഷ്യം വയ്ക്കുന്ന എൽഡിഎഫിന് വിജയ പ്രതീക്ഷയിൽ മങ്ങലേൽപ്പിയ്ക്കും വിധമുള്ളതാണ് ചിറ്റയം തൊടുത്തുവിട്ട ആരോപണവും തുടർന്നുള്ള കോലാഹലങ്ങളുമെന്നാണ് ആക്ഷേപം ഉയരുന്നത്.