പത്തനംതിട്ട: ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (75) കാലം ചെയ്തു. പരുമല ആശുപത്രിയിൽ തിങ്കളാഴ്‌ച പുലർച്ചെ 2.35 നായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്ന ബാവയെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
മൃതദേഹം വൈകിട്ട് ആറു വരെ പരുമല സെമിനാരിയിൽ പൊതുദർശനത്തിന് വയ്ക്കും.ചെവ്വാഴ്‌ച വൈകിട്ട് 3 മണിക്ക് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലാണ് കബറടക്കം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം.
പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ.എ.ഐപ്പിന്‍റയും കുഞ്ഞീട്ടിയുടെയും മകനായി 1946 ഓഗസ്റ്റ് 30ന് തൃശൂര്‍ കുന്നംകുളത്താണ് ജനനം. ഓർത്തഡോക്‌സ് വൈദിക സെമിനാരിയിലും സെറാംപൂർ സർവകലാശാലയിലുമായി വൈദിക പഠനം പൂർത്തിയാക്കി. 1972 മേയ് 31ന് ശെമ്മാശപട്ടവും ജൂൺ രണ്ടിന് വൈദികപട്ടവും സ്വീകരിച്ചു.
1982ൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്ക്കോപ്പയായി. 1985ൽ മെത്രാപ്പൊലിത്തയും പുതിയതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്‍റെ പ്രഥമ സാരഥിയുമായി.2006 ഒക്‌ടോബർ 12ന് നിയുക്ത കാതോലിക്കായായി തെരഞ്ഞെടുക്കപ്പെട്ടു.
2010 നവംബർ 1ന് പരുമല സെമിനാരിയിൽ വെച്ചാണ് കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടത്. മലങ്കര ഓർത്തഡോക്‌സ് സഭാചരിത്രത്തിൽ പരുമല തിരുമേനിക്കു ശേഷം മെത്രാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കാതോലിക്കാ ബാവ.