പത്തനംതിട്ട: മുംബൈ ബാർജ് അപകടത്തിൽ കാണാതായ പത്തനംതിട്ട പള്ളിക്കൽ സ്വദേശിയുടെ മൃദേഹം കണ്ടെത്തി. അടൂർ സ്വദേശിയായ സുരേന്ദ്രൻ ജയശ്രീ ദമ്പതികളുടെ മകൻ വിവേക് സുരേന്ദ്രനാണ് (32) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം എട്ട് ആയി. തെരച്ചിലിൽ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളിൽ ഒന്ന് വിവേകിൻ്റേതാണെന്ന് സഹോദരൻ വിശാലാണ് തിരിച്ചറിഞ്ഞത്. മരിച്ച വിവേകിൻ്റെ കൈയിലെ വിവാഹ മോതിരം, വാച്ച് എന്നിവ കണ്ടാണ് സഹോദരനും വിവേകിൻ്റെ മുംബൈയിലെ സുഹൃത്തുക്കളും മൃതദേഹം തിരിച്ചറിഞ്ഞത്. വിവേക് സേഫ്റ്റി ഓഫിസർ ആയി ജോലി നോക്കുകയായിരുന്നു.
Read more: മുംബൈ ബാർജ് അപകടത്തിൽ കാണാതായ മലയാളിയെ കാത്ത് കുടുംബം
ദുബൈയിൽ ജോലി ചെയ്യുന്ന വിശാൽ അപകട വിവരം അറിഞ്ഞാണ് കഴിഞ്ഞ ദിവസം മുംബൈയിൽ എത്തിയത്. ഓഎന്‍ജിസിയുടെ കരാര്‍ സ്ഥാപനമായ അഫ്‌കോണ്‍സിൻ്റെ പി-305 ബാര്‍ജ് കഴിഞ്ഞ 17 നാണ് മുംബൈ തീരത്ത് നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മുങ്ങിയത്. വിവേകിൻ്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ നടന്നു വരുന്നു. ഗംഗയാണ് ഭാര്യ. മകൾ നാലു വയസുള്ള നിവേദ്യ.