പത്തനംതിട്ട: ഈ വർഷം മുതൽ പമ്പ ത്രിവേണിയിൽ ബലിതർപ്പണത്തിന് ദേവസ്വം ബോർഡ് സൗകര്യമൊരുക്കും. സ്ത്രീകൾക്ക് ബലിതർപ്പണത്തിന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ.
മുൻ വർഷങ്ങളിൽ ഭക്തജനങ്ങളും ചില സംഘടനകളും മുൻകൈയ്യെടുത്താണ് ബലിതർപ്പണം നടന്നിരുന്നത്. എന്നാൽ ഈ വർഷം മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ത്രിവേണിയിൽ ബലിതർപ്പണത്തിന് സൗകര്യമൊരുക്കും. എല്ലാ വിഭാഗം ആളുകൾക്കും ബലിതർപ്പണം നടത്താനാവും എന്നതാണ് പമ്പയിലെ ബലിതർപ്പണത്തിന്റെ പ്രത്യേകതയായി കണക്കാക്കുന്നതെന്നും പദ്മകുമാർ പറഞ്ഞു.
പ്രളയം ഉണ്ടാക്കിയ ദുരിതങ്ങൾ അവസാനിച്ച സാഹചര്യത്തിൽ ഭക്തർക്ക് സൗകര്യപ്രദമായി ബലിതർപ്പണം നടത്താനാവുമെന്നാണ് കരുതുന്നത്. ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നും പല കാര്യങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാവാറുണ്ടെന്നും എന്നാൽ മുഖ്യമന്ത്രിയും ദേവസ്വം വകുപ്പ് മന്ത്രിയും വിഷയങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.