പത്തനംതിട്ട: വിവാദമായ ആസാദ് കശ്‌മീർ പരാമർശത്തിൽ മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെ ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്‌വായ്‌പൂർ പൊലീസ് കേസെടുത്തു. ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ(23.08.2022) കീഴ്‌വായ്‌പൂര്‍ എസ്‌എച്ച്‌ഒയ്‌ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആര്‍എസ്‌എസ് ഭാരവാഹി അരുൺ മോഹന്‍റെ ഹർജിയിലാണ് മന്ത്രിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചത്.
ജലീല്‍ ഭരണഘടനയെ അപമാനിക്കാനും കലാപം ഉണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെയാണ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതെന്നാണ് എഫ്ഐആര്‍. 153 ബി പ്രകാരവും പ്രിവന്‍ഷന്‍ ഓഫ് ഇന്‍റൻഷൻ ടു നാഷണൽ ഓണര്‍ ആക്‌ട് 1971 സെക്‌ഷന്‍ 2 പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കശ്‌മീർ യാത്രയെ കുറിച്ച് വിവരിച്ചുകൊണ്ടുള്ള ജലീലിന്‍റെ ഫേസ്‌ബുക്ക് കുറിപ്പാണ് വിവാദമായത്. പാക് അധിനിവേശ കശ്‌മീരിനെ ആസാദ് കശ്‌മീർ എന്നാണ് പോസ്റ്റിൽ വിശേഷിപ്പിച്ചത്. പാകിസ്ഥാനും പാക് അനുകൂലികളുമാണ് സാധാരണ ഈ പദപ്രയോഗം നടത്താറുള്ളത്.
ഇന്ത്യന്‍ അധിനിവേശ കശ്‌മീർ എന്ന പരാമർശത്തിനെതിരെയും വ്യാപക വിമർശനമുയർന്നിരുന്നു. കശ്‌മീർ ഇന്ത്യയുടെ ഭാഗമാണെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണിത്. വിഭജന കാലത്ത് കശ്‌മീർ രണ്ടായി വിഭജിച്ചു എന്ന തെറ്റായ വിവരവും പോസ്റ്റിലുണ്ടായിരുന്നു.
പോസ്റ്റ് വിവാദമായതിന് പിന്നാലെ വിവാദ പരാമര്‍ശങ്ങള്‍ ജലീല്‍ പിന്‍വലിച്ചിരുന്നു. പോസ്റ്റിലെ വരികള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടെന്നായിരുന്നു പിന്നീടുള്ള ജലീലിന്‍റെ വിശദീകരണം.