പത്തനംതിട്ട: പാലക്കാതകിടി കവലയില്‍ പണ്ടാരോ ഒരു മരത്തൈ നട്ടു. കൊടും കാറ്റില്‍ വീഴാതെ ചരിത്രത്തിലേക്ക് വേരാഴ്ത്തി ആ മരം വളര്‍ന്നു. പാലക്കാതകിടി കവല തേടിയെത്തിയവര്‍ക്ക് പിന്നീട് ആ മരം അടയാളമായി. വണ്ടികാത്ത് നിന്നവര്‍ക്ക് തണലൊരുക്കി. പൊതു യോഗങ്ങള്‍ക്ക് വേദിയായി. ചില്ലകൾ വിരിച്ച് കാക്കത്തൊള്ളായിരം പറവകൾക്ക് കൂടൊരുക്കി...
പോയകാലത്താരൊ വാകമരത്തെ തകരമര മുത്തശ്ശിയെന്ന് പേര് ചൊല്ലി വിളിച്ചു. ലോക പ്രകൃതിദിനത്തില്‍ കുരുന്നുകള്‍ മരത്തിന് ചുറ്റു കൂടി കൈകള്‍ നീട്ടി പ്രതിജ്ഞ ചെയ്തു, 'നിന്നെ ഞങ്ങള്‍ സംരക്ഷിക്കും'... പക്ഷെ ദുര്‍ബുദ്ധികളുടെ കറുത്ത കരങ്ങള്‍ 130 വയസുള്ള മരമുത്തശ്ശിയുടെ ജീവനെടുക്കാനുറച്ചു. വേരുകളില്‍ യന്ത്രത്തിന്‍റെ സഹായത്തോടെ ഏഴ് സെന്‍റീ മീറ്റര്‍ നീളത്തില്‍ തുളകളുണ്ടാക്കിയ അവര്‍ മെര്‍ക്കുറിയൊഴിച്ചു. ലായിനി വാകമരത്തില്‍ ഇഞ്ചിഞ്ചായി പടര്‍ന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പച്ചിലകള്‍ വാടി, പിന്നെ കൂട്ടത്തോടെ പൊഴിഞ്ഞു.
മരത്തിലെ മാറ്റം തിരുവല്ല കുന്നന്താനം ഗ്രാമത്തില്‍ ചര്‍ച്ചയായി. ഒടുവില്‍ കാരണം കണ്ടെത്തി. അടയാള മരത്തെ ഇല്ലാതാക്കാൻ സാമൂഹിക വിരുദ്ധർ നടത്തിയ ക്രൂരത നാടിനെ ഒന്നാകെ സങ്കടത്തിലാഴ്ത്തി. ഇതോടെ മുത്തശ്ശി മരത്തിനായി നാടൊന്നിച്ചു. മരങ്ങൾക്ക് ആയുർവേദ ചികിത്സ നൽകി സംരക്ഷിക്കുന്ന വൈദ്യന്മാരെ വരുത്താനായി തീരുമാനം.
ചികിത്സയിങ്ങനെ: ഒടുവില്‍ ഈ രംഗത്തു പ്രഗത്ഭരായ വൃക്ഷവൈദ്യന്മാരായ ബിനു വാഴൂർ, ഗോപകുമാർ കങ്ങഴ, നിധിൻ കൂരോപ്പട, വിജയകുമാർ ഇത്തിത്താനം എന്നിവർ സ്ഥലത്തെത്തി. വിശദമായ പരിശോധനയിൽ മരത്തിന്റെ വേരുകളിൽ ഉണ്ടാക്കിയ ഇരുപത്തിയഞ്ചിലധികം ദ്വാരങ്ങളിൽ മെർക്കുറി നിറച്ചതായി കണ്ടെത്തി. പച്ച ഈര്‍ക്കിലിയില്‍ പഞ്ഞി ചുറ്റി കുഴികളില്‍ ഇറക്കി മെര്‍ക്കുറി തുടച്ചെടുത്തു. മരമുത്തശ്ശിക്ക് പുതുജീവൻ നൽകാൻ പരിഹാരം തേടിയ നാട്ടുകാർക്ക് മുന്നിൽ വൃക്ഷ വൈദ്യന്മാർ ചികിത്സാ വിധികൾ നിരത്തി.
എല്ലാത്തിനും തയ്യാറായി ഗ്രാമം കൂടെ നിന്നു. വയലില്‍ നിന്നെടുത്ത നാല് ചട്ടി മണ്ണ്, മരം നില്‍ക്കുന്ന സ്ഥലത്തെ നാല് ചട്ടി മണ്ണ്, അരിപ്പയില്‍ അരിച്ചെടുത്ത ചിതല്‍പുറ്റ് രണ്ട് ചട്ടി, പശുവിന്‍റെ ചാണകം മൂന്ന് ചട്ടി, നാടന്‍ പശുവിന്‍റെ 20 ലിറ്റര്‍ പാലും ഒരു കിലോ നെയ്യും, അരകിലോ അരിപൊടി, രണ്ട് കിലോ കറുത്ത എള്ള്, പത്ത് കിലോ കദളിപ്പഴം, അരലിറ്റര്‍ ചെറുതേന്‍, അര കിലോ ചെറുപയര്‍ പൊടി, ഉഴുന്ന് തൊണ്ടോടുകൂടിയത് അരകിലോ, മുത്തങ്ങ ഉണക്കിപൊടിച്ചത് കാല്‍കിലോ, ഇരട്ടിമധുരം പൊടിച്ചത് അരകിലോ, രാമച്ചം പൊടിച്ചത് അരികിലോ എന്നിവ കുഴമ്പു പരിവത്തിലാക്കി മരത്തില്‍ തേച്ചുപിടിപ്പിക്കണം.
തുടര്‍ന്ന് പാലും നെയ്യും ചേര്‍ത്ത് ഇളക്കി അതില്‍ 20 മീറ്റര്‍ പരുത്തിത്തുണി കുറച്ച് നേരം മുക്കി വെക്കണം. മരുന്നു ചേര്‍ത്ത മരത്തില്‍ തുണി ചുറ്റിയ ശേഷം ചണനൂല്‍ ഉപയോഗിച്ച് വരിഞ്ഞുകെട്ടണം. ആറ് മാസം ഇതേ നില തുടരണം. ഈ കാലയളവില്‍ മരം തളര്‍ച്ചയൊഴിഞ്ഞ് കരുത്തു നേടുമെന്നു വൈദ്യന്‍മാര്‍ ഉറപ്പ് നല്‍കി.
സംരക്ഷിച്ച് ജനകീയ കൂട്ടായ്മ: വൃക്ഷത്തിന്‍റെ സംരക്ഷണത്തിനായി രൂപീകരിച്ച ജനകീയ കൂട്ടായ്മയിലെ അംഗങ്ങൾക്കാണ് പരിപാലന ചുമതല. ഒരു മനുഷ്യന്റെ ചികിത്സയിലെന്നപോലുള്ള കരുതലും പരിചരണവുമാണ് പാലക്കാതകിടി നിവാസികൾ തങ്ങളുടെ സ്വന്തം തകര മുത്തശ്ശിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നൽകിവരുന്നത്.
തകര മുത്തശ്ശി ഇനിയും തളിർക്കും. പൂവിട്ടു കായ്ക്കും. ചേക്കേറാൻ പക്ഷികളെത്തും. ജീവൻ കാക്കുന്ന നാടിന് തണലൊരുക്കും. ഉണങ്ങിയ കൊമ്പില്‍ പുതുനാമ്പ് തളിരിടുന്നത് കാണാന്‍ നാട്ടുകാര്‍ ഇമവെട്ടാതെ കാത്തിരിക്കുയാണ്.