പത്തനംതിട്ട: തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡ് പൊട്ടി പൊളിഞ്ഞ നിലയിൽ. റോഡിന്‍റെ തുടക്കം മുതൽ അവസാനം വരെയുള്ള ഭാഗം പൂർണമായും തകർന്ന് കിടക്കുകയാണ്. 15 വർഷം മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തത്. പിന്നീട് യാതൊരു വിധ അറ്റകുറ്റപ്പണികൾ നടത്തുവാൻ പൊതുമരാമത്ത് വകുപ്പോ നഗരസഭയോ ഇതുവരെയും തയാറായിട്ടില്ല എന്നതാണ് നാട്ടുകാരുടെ പരാതി.
ടി കെ റോഡിൽ നിന്നും മല്ലപ്പള്ളി റോഡിലേക്ക് എളുപ്പത്തിൽ പോകാൻ കഴിയുന്ന ഈ റോഡിലൂടെ റെയിൽവേ സ്റ്റേഷനിലേക്കടക്കം ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. റോഡിന്‍റെ ശോച്യാവസ്ഥ മൂലം ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. റോഡിന്‍റെ ഇരുവശവും കാട് കയറിക്കിടക്കുന്നത് മൂലം ഇഴ ജന്തുക്കളുടെ ശല്യവും ഏറിയിട്ടുണ്ട്.