പത്തനംതിട്ട: ആംബുലൻസ് ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതികൾ അറസ്റ്റിൽ. ആംബുലൻസ് ഡ്രൈവറായ കുറ്റപ്പുഴ സ്വദേശി രാജപ്പനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളാണ് തിരുവല്ല പൊലീസിൻ്റെ പിടിയിലായത്. കേസിലെ ഒന്നാം പ്രതി കല്ലൂപ്പാറ സ്വദേശി പ്രവീൺ എന്ന് വിളിക്കുന്ന ബസലേൽ മാത്യു(32), രണ്ടാം പ്രതി കടമാൻകുളം സ്വദേശി കാർത്തി ശക്തി എന്ന് വിളിക്കുന്ന പ്രവീൺ( 22 ) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും നിരവധി കേസുകളിൽ പ്രതിയാണ്.
സെപ്‌തംബർ 15ന് രാത്രി 12 മണിയോടെ തിരുവല്ല ആമല്ലൂരിന് സമീപമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രാജപ്പൻ ഓടിച്ചിരുന്ന ആംബുലൻസ് തടഞ്ഞു നിർത്തി ഇരുമ്പ് പൈപ്പ് ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. തലക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ രാജപ്പൻ ഒരു മാസത്തോളം തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംഭവം നടന്ന് അടുത്ത ദിവസം ഒരു പ്രതി പിടിയിലായിരുന്നു. കേസിൽ പ്രതികളായ മറ്റ് രണ്ട് പേരെ രണ്ടാഴ്‌ച മുൻപ് അറസ്റ്റ് ചെയ്‌തിരുന്നു. നിരവധി ക്രിമിനൽ കേസുകളിലും മല്ലപ്പള്ളി എക്സൈസ് രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതിയുമാണ് കേസിലെ ഒന്നാം പ്രതിയായ തിരുവല്ല സ്വദേശി ബസലേൽ മാത്യു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.