പത്തനംതിട്ട: മധ്യവയസ്‌കനെ മര്‍ദിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. റാന്നി തോമ്പിക്കണ്ടം തടത്തിൽ വീട്ടിൽ ബാബു ടിഎ, ഇയാളുടെ ഭാര്യ ലിംസി എന്നിവരെയാണ് റാന്നി പൊലീസ് ഞായാറാഴ്‌ച (ഒക്‌ടോബര്‍ 16) പിടികൂടിയത്. തൊമ്പിക്കണ്ടം ജോസ് എന്ന കൊച്ചുകുഞ്ഞിനെയാണ് (59) മര്‍ദിച്ചത്.
സെപ്റ്റംബർ 23ന് പുലര്‍ച്ചെ 5.45 നാണ് സംഭവം. വീടിന്‍റെ തെക്കുവശത്തെ വാതിലിലേക്ക് അഴുക്കുവെള്ളം ഒഴിച്ചത് കൊച്ചുകുഞ്ഞ് ചോദ്യം ചെയ്‌തു. ഇതിന്‍റെ പേരിൽ ഇയാളെ ബാബു അടിച്ച് വലത് കണ്ണിന്‍റെ ഭാഗത്ത് മുറിവേല്‍പ്പിച്ചു. രണ്ടാമത്തെ അടി കൈകൊണ്ട് കൊച്ചുകുഞ്ഞ് തടഞ്ഞെങ്കിലും താഴെ വീണ് വലതുകാൽ മുട്ടിന് പരിക്കേറ്റു. വയോധികനെ ലിംസി കല്ലുപെറുക്കി എറിയുകയാണ് ചെയ്‌തത്. ഇവര്‍ രണ്ടാം പ്രതിയാണ്. ഇരുകൂട്ടരും തമ്മിൽ നേരത്തേ വസ്‌തു സംബന്ധമായ തർക്കമുണ്ടായിരുന്നു.
ജാമ്യത്തിലിരിക്കെ വീണ്ടും പ്രതി: ഒന്നാം പ്രതി ബാബു നേരത്തേ നിരവധി കേസുകളില്‍ പ്രതികളാണ്. റാന്നി പൊലീസ് സ്റ്റേഷനിൽ ദേഹോപദ്രവം ഏൽപ്പിക്കലടക്കം ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാള്‍. നല്ലനടപ്പ് വ്യവസ്ഥയിൽ ജാമ്യത്തിലിരിക്കെയാണ് ബാബു ഇപ്പോള്‍ വീണ്ടും കേസില്‍ പ്രതിയായത്. 2018 മുതലാണ് ഇയാള്‍ക്കെതിരായി കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജിതമായ അന്വേഷണത്തെ തുടർന്നാണ് പ്രതി പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. പൊലീസ് ഇൻസ്‌പെക്‌ടര്‍ എംആർ സുരേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐ ശ്രീജിത്ത് ജനാർദനൻ, എസ്‌സിപി ബിജു മാത്യു, സിപിഒമാരായ ജോൺ ഡി ഡേവിഡ്, ജോസി മാത്യു, നീനു വർഗീസ് എന്നിവര്‍ ഭാഗമായി.