പത്തനംതിട്ട: എംസി റോഡരികിൽ അടൂർ ഹൈസ്‌കൂൾ ജങ്ഷന് സമീപമുള്ള ഫെഡറൽ ബാങ്കിന്‍റെ എടിഎം കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമിച്ച പ്രതിയെ അടൂർ പൊലീസ് പിടികൂടി. ഒഡിഷ ബാലേഷർ ജില്ലയിൽ ഗജിപൂർ ചന്ദനേശ്വർ ഗൗര ഹരി മാണാ(36) ആണ് അറസ്റ്റിലായത്. അടൂരിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനായ ഇയാൾ രണ്ട് ദിവസമായി ജോലിക്ക് പോകാതിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്‌ച രാത്രിയിലാണ് മോഷണശ്രമം നടന്നത്. എടിഎമ്മിന്‍റെ മുൻവശത്തെ സിസിടിവി ക്യാമറകളും അലാറവും വിഛേദിച്ച ശേഷം ഉള്ളിൽ കടന്ന പ്രതി മെഷീനിന്‍റെ മുൻവശം തകർത്ത് പണം മോഷ്‌ടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇയാൾ അവിടം വിട്ടുപോകുകയായിരുന്നു. പിന്നീട് എടിഎമ്മിലെത്തിയ ആളുകൾ മെഷീനിന്‍റെ വാതിൽ പൊളിഞ്ഞുകിടക്കുന്നത് കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഉടൻ ബാങ്ക് അധികൃതരെ ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിച്ചു.
ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് അടൂർ ഡിവൈ.എസ്.പി ആർ.ബിനുവിന്‍റെ മേൽനോട്ടത്തിൽ കേസ് അന്വേഷണം ഊർജിതമാക്കിയ പൊലീസ് തിങ്കളാഴ്‌ച ഉച്ചയ്ക്ക് അടൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മോഷ്‌ടാവ് ഇതര സംസ്ഥാനത്തു നിന്നുള്ളയാളാണെന്ന് മനസിലാക്കി. തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും മറ്റും രാത്രിതന്നെ തെരച്ചിൽ ആരംഭിച്ചു.
വ്യാപകമായ പരിശോധനയെ തുടർന്ന് പ്രതിയെ കുടുക്കുകയായിരുന്നു. ഇയാൾ വേറെ കേസുകളിൽ പ്രതിയാണോ, കൂട്ടാളികൾ ആരെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്.
Also Read: രാജ്യത്ത് ഇന്ധനവില കൂട്ടി; വർധനവ് നാല് മാസങ്ങൾക്ക് ശേഷം