പിറവികൊണ്ട കാലം മുതൽ കോണ്‍ഗ്രസിനോട് കൂറു പുലർത്തുന്ന മണ്ഡലമാണ് കോന്നി. കഴിഞ്ഞ 23 വർഷമായി യുഡിഎഫിന്റെ കോട്ട. 1965 ൽ രൂപം കൊണ്ട മണ്ഡലം 96 വരെ ഇടതു വലതു മുന്നണികളെ മാറി മാറി തുണച്ചെങ്കിൽ, 96 മുതൽ മണ്ഡലം വലത്തിനൊപ്പം മാത്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ യുഡിഎഫിന് ഒപ്പം നിന്ന ഒരേ ഒരു മണ്ഡലവും കോന്നി തന്നെ. മലയോര മേഖലയായ കോന്നിയിൽ ഇടതുപക്ഷ തൊഴിലാളി സംഘടനകൾക്ക് ഏറെ സ്വാധീനമുണ്ട്. എന്നാൽ ഈ ആധിപത്യം തെരഞ്ഞെടുപ്പുകളിൽ ഇടതിനെ തുണച്ചിട്ടില്ല. നാല് തവണ മാത്രമാണ് ഇടതിന് കോന്നി കീഴടക്കാൻ സാധിച്ചിട്ടുള്ളത്.
വലിയ അവകാശ വാദങ്ങൾ ഉന്നയിക്കാൻ ഇല്ലെങ്കിലും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ വലിയ വോട്ടു വർധന കോന്നി എൻഡിഎയ്ക്ക് നൽകി എന്നതും ശ്രദ്ധേയമാണ്. കോന്നി, അരുവാപ്പുലം, മലയാലപ്പുഴ, പ്രമാടം, മൈലപ്ര, തണ്ണിത്തോട് ,ചിറ്റാർ, സീതത്തോട്, കലഞ്ഞൂർ എന്നീ പഞ്ചായത്തുകളും, അടൂർ താലൂക്കിലെ ഏനാദിമംഗലം പഞ്ചായത്തും അടങ്ങുന്നതാണ് കോന്നി നിയമസഭാമണ്ഡലം.
1996 മുതൽ തുടരുന്ന ആധിപത്യം ഇത്തവണയും നിലനിർത്താം എന്ന ഉറച്ച വിശ്വാവസത്തിലാണ് മണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പ്. എന്നാൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു വർധനയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകാത്തത് മുന്നണിയ്ക്ക് ആശങ്ക ഉണ്ടാക്കുന്നു, പി മോഹൻരാജിന്‍റെ സ്ഥാനാർഥിത്വത്തിൽ ഇടഞ്ഞ എസ്എൻഡിപി നിലപാടും മണ്ഡലത്തിൽ യുഡിഎഫിന് തിരിച്ചടിയാണ്. പണി പൂർത്തിയാകുന്ന മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള വികസനങ്ങൾ ചൂണ്ടിക്കാട്ടിയാണ് മണ്ഡലത്തിലെ വലത് പ്രചാരണം. ശബരിമല വിഷയം മുൻനിർത്തി, ഇടത് , എൻഡിഎ മുന്നണികളെ കടന്നാക്രമിക്കാനും വലത് ക്യാമ്പ് മറന്നില്ല.
96 ൽ നഷ്ടപെട്ട മണ്ഡലം തിരിച്ചു പിടിക്കുക എന്നതിലപ്പുറം , മറ്റൊരു ലക്ഷ്യവും മണ്ഡലത്തിൽ ഇടതിനില്ല. ഡിവൈഎഫ്ഐ സംസ്ഥാന ഉപാധ്യക്ഷൻ ജനീഷ് കുമാർ മണ്ഡലത്തിലെ പരിചിത മുഖമാണ് എന്നത് ഇടതിന് ആശ്വാസം നൽകുന്ന ഘടകമാണ്. യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ മണ്ഡലത്തിന് പുറത്തു നിന്നുള്ളവരാണ് എന്നത് പ്രചാര വേളയിൽ തന്നെ എൽഡിഎഫ് പലകുറി ആവർത്തിച്ചു. മണ്ഡലത്തിലെ ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ പിന്തുണ കൂടി ലഭിച്ചാല്‍ ഇത്തവണ മണ്ഡലം പിടിക്കാം എന്ന് എല്‍ഡിഎഫ് കണക്കു കൂട്ടുന്നു. ഏറ്റവും അവസാനം നടന്ന പാല ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് കുത്തകയായിരുന്ന പാലാ തകർന്നതും മാറ്റം സാധ്യമെന്ന പ്രതീക്ഷ തന്നെയാണ് മുന്നണിക്ക് നൽകുന്നത്.
ശബരിമല വിഷയം മുൻ നിർത്തി തന്നെയാണ് മണ്ഡലത്തിൽ എൻഡിഎ പ്രചാരണം ശക്തമാക്കിയത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ ഉണ്ടായ വലിയ വോട്ട് വർധനയും മുന്നണിക്ക് പ്രതീക്ഷ നൽകുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍റെ സ്ഥാനാർഥിത്വം കൂടിയായപ്പോൾ കോന്നി പിടിക്കാമെന്ന വലിയ പ്രതീക്ഷയാണ് എൻഡിഎ പുലർത്തുന്നത്.
സാമുദായിക ഘടകങ്ങൾ , ഏറെയുള്ള മണ്ഡലത്തിൽ ശബരിമല തനെയാണ് , യുഡിഎഫ് , എൻഡിഎ മുന്നണികൾ പ്രധാന പ്രചാരണ ആയുധമാക്കിയത്. കാർഷിക പ്രശ്നങ്ങൾക്ക് പ്രധാന്യമുള്ള മണ്ഡലത്തിൽ , വികസനത്തിനൊപ്പം കാർഷിക പ്രതിസന്ധികളും വോട്ടു ബാങ്കുകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.