പത്തനംതിട്ട: കൊവിഡിന്‍റെപശ്ചാത്തലത്തിൽ ഭക്തജനങ്ങളെ പങ്കെടുപ്പിക്കാതെ ആചാരപരമായ വള്ളസദ്യ നടത്തുമെന്ന് വീണാ ജോർജ് എംഎൽഎ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ വർഷത്തെ ആറൻമുള വള്ളസദ്യ തിരുവോണത്തോണി വരവേൽപ്പ് ഉതൃട്ടാതി ജലോത്സവം അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരപരമായ ചടങ്ങുകൾ മാത്രമായി നടത്താനാണ് തീരുമാനം. ആളുകളെ പരിമിതപ്പെടുത്തി ചടങ്ങുകൾ മാത്രം നടത്തുന്നതിനായി ഈ മാസം 15ന് തിരുവോണത്തോണി വരവേൽപ്പിന്നെ സംബന്ധിച്ചും ആറൻമുള ഉതൃട്ടാതി ജലോത്സവത്തെ സംബസിച്ചും തീരുമാനമെടുക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാ പൊലിസ് മേധാവി ഡി എം ഒ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേരും.
സെപ്റ്റംബർ 10 ന് രാവിലെ 11ന് നടത്താനിരിക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ തെരഞ്ഞെടുക്കപ്പെട്ട 50 പേരെ മാത്രം ഉൾപ്പെടുത്തി ചടങ്ങുകൾ പരിമിതപ്പെടുത്തി നടത്തും. ആറന്മുള വള്ളസദ്യ വഴിപാടുകൾ ഒക്ടോബർ നാല് വരെയുള്ള കാലാവധിക്കുള്ളിൽ അനുകൂലമായ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 50 പേരെ ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു ദിവസം മാത്രമായി പരിമിതമായ ചടങ്ങുകളോടു കൂടി നടത്തും. വീണാ ജോർജ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാർ ഭരണ സമിതി അംഗങ്ങൾ എന്നിവ ർ ചേർന്നാണ് തീരുമാനമെടുത്തത്.