പത്തനംതിട്ട: കൊവിഡില്‍ തകര്‍ന്ന് ആറന്‍മുള കണ്ണാടി നിര്‍മാണവും. ലോകത്തിന് മുന്നിൽ കേരളത്തിന്‍റെ പാരമ്പര്യ കലയുടെ നേർകണ്ണാടി ഉണ്ടാക്കുന്നവരുടെ മനസും ജീവിതവും തീ പോലെ ആളി കത്തുകയാണ്. പ്രളയ കാലത്ത് ആറൻമുള കണ്ണാടി നിര്‍മാണത്തിന് വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇതില്‍ നിന്നും അതിജീവിക്കുന്നതിനിടെയാണ് കൊവിഡ് കൂടി എത്തിയത്. അതിജീവനത്തിനും ഉപജീവനത്തിനുമായി കഴിഞ്ഞ ഓണക്കാലത്തും ഇവർ ആറൻമുള കണ്ണാടിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ ഈ പരീക്ഷണങ്ങൾക്കും മിനുസപ്പെടുത്തലുകൾക്കും അധികം ആയുസ് ഉണ്ടായില്ല.
ആറൻമുള കണ്ണാടി നിർമിക്കുന്ന ഏഴിലധികം കുടുംബങ്ങൾ മാത്രമേ നിലവില്‍ ഈ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളു. ഓരോ ദിവസം കഴിയുമ്പോഴും ഇവരുടെ ജീവിതം ദുരിതത്തിലേക്കാണ് നീങ്ങുകയാണ്. പണിശാലയിൽ ജോലി ചെയ്തിരുന്ന പലരും ഇപ്പോള്‍ എത്താറില്ലെന്ന് നിര്‍മാതാവായ ശെല്‍വരാജ് പറയുന്നു. ഇപ്പോള്‍ മുൻകൂട്ടി പറഞ്ഞാൽ മാത്രമേ കണ്ണാടി നിർമിച്ചു നൽകുകയുള്ളു. നിര്‍മാണം പൂര്‍ത്തിയാക്കിയ കണ്ണാടികള്‍ മിക്കതും വിറ്റുപോയിട്ടുമില്ല. ടൂറിസം രംഗത്തെ മുരടിപ്പും കച്ചവടത്തെ കാര്യമായി ബാധിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ആറൻമുള വള്ളംകളിയിലും വള്ളസദ്യയിലും അധികമാരും പങ്കെടുക്കാത്തതും ഇവർക്ക് തിരിച്ചടിയായി.