പത്തനംതിട്ട : തിരുവല്ലയില്‍ ആംബുലന്‍സ് ഇരുമ്പ് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണിയുൾപ്പെടെ നാല് പേർക്ക് ഗുരുതര പരിക്ക്. എട്ടുമാസം ഗര്‍ഭിണിയായ സീതത്തോട് ചരിവുകാലായില്‍ വീട്ടില്‍ റസീന സെയ്‌ദു(27)മായി തിരുവല്ല സ്വകാര്യ ആശുപത്രിയിലേക്ക് പോകവെയാണ് അപകടം.
യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. നിലവില്‍, ഇവര്‍ ഐ.സി.യുവിലാണ്. റസീനയുടെ പിതൃസഹോദരി പത്തനംതിട്ട പള്ളിപ്പടിഞ്ഞാറേതില്‍ നബീസ മുസ്തഫ( 52 ), നബീസയുടെ മകള്‍ സാലിക(23), റസീനയുടെ ഭര്‍തൃമാതാവ് പാറയ്‌ക്കല്‍ സാഹിദ (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ALSO READ: നിപ : കണ്ടെയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു, നിയന്ത്രണമൊരുക്കി പൊലീസ്
തലയ്ക്ക് സാരമായി പരിക്കേറ്റ സാഹിദയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവല്ല മഞ്ഞാടി ജങ്ഷനില്‍ ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച ആംബുലൻസ് തലകീഴായി മറിയുകയായിരുന്നു.
ആംബുലന്‍സില്‍ നിന്നും നാലുപേരും റോഡിലേക്ക് തെറിച്ചുവീണു. ഓടിക്കൂടിയ നാട്ടുകാര്‍ റോഡിൽ വീണവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ തിരുവല്ല പൊലീസ് കേസെടുത്തു.