പത്തനംതിട്ട: ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണന കേന്ദ്രം നിര്‍മിക്കുന്നു. കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കുടുംബശ്രീയുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കാര്‍ഷിക സംരംഭക യൂണിറ്റുകളുടെ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനാകും. മൂന്ന് മാസം കൊണ്ട് കേന്ദ്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
നിലവില്‍ കാര്‍ഷിക മേഖലയില്‍ സജീവമായി 17 സംഘങ്ങളും എട്ട് സംരംഭക യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന 51 സംരഭങ്ങളടങ്ങിയ മഴവില്‍ സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ കൂടി എത്തുന്നതോടെ വിപണന കേന്ദ്രം സജീവമാകും. വീണാ ജോര്‍ജ് എംഎല്‍എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ചാണ് കേന്ദ്രം നിര്‍മിക്കുന്നത്. അഞ്ച് കട മുറികളും സംഭരണ സംസ്‌കണ കേന്ദ്രവും സ്ത്രീകള്‍ക്ക് ശുചിമുറിയും വസ്ത്രം മാറാനുള്ള സൗകര്യവും ഉള്‍പ്പെടെയാണ് വിപണന കേന്ദ്രത്തിന്‍റെ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വിപണന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് അധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ വി.കെ ഓമനക്കുട്ടന്‍, സാലി ജേക്കബ്, ജോണ്‍ വര്‍ഗീസ്, ശശിധരന്‍ പിള്ള, കെ.എന്‍ രാജപ്പന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ രാജപ്പന്‍ എന്നിവര്‍ പങ്കെടുത്തു.